ബസിൽ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്‌റ്റിൽ

അലൻ
കൊച്ചി
സ്വകാര്യ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ബസ് കണ്ടക്ടർ അറസ്‌റ്റിൽ. എറണാകുളം അയ്യപ്പൻകാവ് സ്വദേശി അലനെ (18)യാണ് എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
മട്ടാഞ്ചേരി–ചേരാനല്ലൂർ റൂട്ടിൽ ഓടുന്ന വേണാട് ബസിലെ കണ്ടക്ടറായിരുന്നു പ്രതി. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്‌റ്റ്. വിദ്യാർഥിനി പരീക്ഷ കഴിഞ്ഞ് മടങ്ങുന്പോഴായിരുന്നു അതിക്രമം. അലൻ അശ്ലീലമായി സംസാരിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
എറണാകുളം നോർത്ത് പൊലീസ് ബുധൻ രാവിലെ ഇയാളെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. ഒരുമാസമായി പ്രതി വിദ്യാർഥിനിയെ നിരന്തരം ശല്യപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നുവെന്നും പൊലീസ് പറഞ്ഞു. നേരത്തേയും ഇയാൾക്ക് എതിരെ സമാന പരാതി ഉയർന്നതായും വിവരമുണ്ട്. മറ്റൊരു പെൺകുട്ടിയെ കടന്നുപിടിച്ചതിന് ബസിൽവച്ച് നാട്ടുകാർ ഇയാളെ കൈയേറ്റം ചെയ്തിരുന്നു. മറ്റാരെയെങ്കിലും അലൻ സമാനരീതിയിൽ അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.









0 comments