അമരസ്‌മരണകളിൽ ജ്വലിച്ച് അഭിമന്യു

കൊച്ചി/മൂന്നാർ
പോരാട്ടങ്ങളുടെ ആകാശത്ത് ചുവപ്പുനക്ഷത്രമായുദിച്ച ധീരരക്തസാക്ഷി അഭിമന്യുവിന്റെ സ്‌മരണകളിൽ ജ്വലിച്ച് ക്യാമ്പസുകൾ. എസ്‌ഡിപിഐ–-ക്യാമ്പസ് ഫ്രണ്ട് അക്രമിസംഘം കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കനലോർമ വർഗീയതയ്‌ക്കെതിരായ പോരാട്ടങ്ങൾക്ക് ഊർജമായി നാടാകെ നെഞ്ചേറ്റി. എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ നഗരത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത റാലിയും അഭിമന്യുവിന്റെ കലാലയമായ മഹാരാജാസ് കോളേജിൽ അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു.
ഏഴാം രക്തസാക്ഷിദിനാചരണത്തിൽ ഏരിയ, ലോക്കൽ, യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
മറൈൻ ഡ്രൈവിൽനിന്ന് മഹാരാജാസ് കോളേജിലേക്ക് സംഘടിപ്പിച്ച അനുസ്‌മരണ റാലിയിൽ അതിശക്തമായ മഴയിലും നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ വൈറ്റ് വളന്റിയർമാർ റാലിയുടെ മുൻനിരയിൽ നീങ്ങി. തൊട്ടുപിറകിൽ എസ്‌എഫ്‌ഐയുടെ 122 രക്തസാക്ഷികളുടെ ഛായാചിത്രങ്ങളേന്തി വിദ്യാർഥികൾ ചുവടുവച്ചു.
മഹാരാജാസ് ക്യാമ്പസിലെ രക്തസാക്ഷിമണ്ഡപത്തിനുമുന്നിൽ ‘രക്തസാക്ഷിക്ക് മരണമില്ല, അവർതന്ന കൊടികൾക്ക് പതനമില്ല’, ‘വർഗീയത തുലയട്ടെ’ എന്നീ മുദ്രാവാക്യങ്ങൾ ഇടിമുഴക്കം തീർത്തു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്‌മരണസമ്മേളനം ആദർശ് എം സജി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആശിഷ് എസ് ആനന്ദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി താജുദീൻ, എസ് കെ ആദർശ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ, ജില്ലാ സെക്രട്ടറി ടി ആർ അർജുൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജ്‌മില ഷാൻ, രതു കൃഷ്‌ണൻ, മുഹമ്മദ് സഹൽ, സേതു പാർവതി, ഋതിഷ ഋതു, ഏരിയ സെക്രട്ടറി അബ്ദുൾ നാസിർ എന്നിവർ സംസാരിച്ചു.
ബിഎസ്‌സി കെമിസ്‌ട്രിയിൽ ഉയർന്ന മാർക്കു നേടിയ സി ബി വിഷ്‌ണുവിനും ഇടമലക്കുടി ആദിവാസി ഉന്നതിയിൽനിന്ന് മഹാരാജാസിൽ എത്തി ബിഎ പൊളിറ്റിക്കൽ സയൻസിൽ മികച്ച വിജയം നേടി, നിലവിൽ എംഎ പൊളിറ്റിക്കൽ സയൻസിൽ പഠിക്കുന്ന മച്ച വല്ലഭനും 10,000 രൂപവീതമുള്ള അഭിമന്യു സ്‌മാരക എൻഡോവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് കൈമാറി.
എറണാകുളം കലൂരിലെ അഭിമന്യു സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ പതാക ഉയർത്തി അനുസ്‌മരണസമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി എസ് സതീഷ് അനുസ്‌മരണപ്രഭാഷണം നടത്തി.
വീരസ്മരണകളിൽ ജന്മനാട്
അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ഓർമകളിൽ ജ്വലിച്ച് ജന്മനാടായ വട്ടവട. അഭിമന്യു മതിലിൽ കോറിയിട്ട ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം അവന്റെ പ്രിയ സഖാക്കൾ ഏറ്റുവിളിച്ചു.
കൊട്ടക്കാമ്പൂരിൽ അഭിമന്യു സ്‌മൃതിമണ്ഡപത്തിനു സമീപം സ്ഥാപിച്ച കൊടിമരത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പതാക ഉയർത്തി. നേതാക്കളും പ്രവർത്തകരും മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. കോവിലൂർ ടൗണിൽ അനുസ്‌മരണ യോഗം എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് പ്രസാദ് അധ്യക്ഷനായി. എം എം മണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ വിജയൻ, എം ലക്ഷ്മണൻ, മൂന്നാർ ഏരിയ സെക്രട്ടറി ആർ ഈശ്വരൻ, എ രാജ എംഎൽഎ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി സഞ്ജീവ് സഹദേവൻ, കേന്ദ്ര കമ്മിറ്റിയംഗം ബിബിൻരാജ് പായം, മൂന്നാർ ഏരിയ സെക്രട്ടറി വി രഞ്ജിത് എന്നിവർ സംസാരിച്ചു. അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത് എന്നിവരും പങ്കെടുത്തു.











0 comments