ad
Deshabhimani

ഭരണസിരാകേന്ദ്രത്തിലേക്കുളള പ്രവേശനം ചരിത്രത്തിലൂടെ

കലക്‌ടറേറ്റ് കവാടങ്ങൾക്ക് പേരുകളായി; 
ദാക്ഷായണി വേലായുധൻ മുതൽ ചങ്ങന്പുഴ വരെ

collectorate
വെബ് ഡെസ്ക്

Published on Aug 16, 2026, 02:48 AM | 1 min read

കൊച്ചി


ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലേക്ക് നവോത്ഥാന നായകരുടെയും സാഹിത്യ കുലപതികളുടെയും സ്മരണകളിലൂടെ പ്രവേശിക്കാം. അഞ്ചുകവാടങ്ങള്‍ക്കും ജില്ലയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്ന പേരുകള്‍ നല്‍കി.


ഒന്നാം നമ്പർ ഗേറ്റ് പ്രമുഖ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ദാക്ഷായണി വേലായുധന്റെ പേരിൽ "ദാക്ഷായണി വേലായുധൻ കവാടം' എന്നറിയപ്പെടും. കലക്ടർ ജി പ്രിയങ്കയാണ് പേര് നിർദേശിച്ചത്. സിവിൽ സ്റ്റേഷനിൽ നിന്നും ഇൻഫോപാർക്ക് റോഡിലേക്കിറങ്ങുന്ന രണ്ടാംനമ്പര്‍ ഗേറ്റിന് സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ പേരാണ്, "സഹോദരൻ അയ്യപ്പൻ കവാടം'. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എസ് ആർ ശ്രീജിത്താണ് പേര് നിര്‍ദേശിച്ചത്.


ജാതിവിവേചനത്തിനെതിരെ ശക്തമായ ശബ്ദമുയർത്തിയ കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാനിയായ പണ്ഡിറ്റ് കറുപ്പന്റെ സ്മരണയ്ക്കാണ് മൂന്നാം നമ്പർ ഗേറ്റ് സമർപ്പിച്ചിരിക്കുന്നത്. "പണ്ഡിറ്റ് കറുപ്പൻ കവാടം' എന്ന പേര് കലക്ടറേറ്റ് ജീവനക്കാരനായ ബാലു അലക്സ് വർഗീസ് നിര്‍ദേശിച്ചു. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ പേരില്‍ നാലാം നമ്പര്‍ ഗേറ്റ്. "മഹാകവി ജി ശങ്കരക്കുറുപ്പ് കവാടം' എന്ന പേര് റവന്യൂ വിജിലൻസിലെ ക്ലർക്ക് ലിബിൻ എം തോമസ് ആണ് നിർദേശിച്ചത്.


പ്രിയകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേരില്‍ അഞ്ചാം നമ്പര്‍ ഗേറ്റ് "ചങ്ങമ്പുഴ കൃഷ്ണപിള്ള കവാടം' എന്നറിയപ്പെടും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ക്ലർക്ക് ആയ അമൃത മോഹനൻ ആണ് പേര് നിർദേശിച്ചത്. ഓൺലൈൻ മത്സരത്തിലൂടെയാണ് പേരുകള്‍ തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ കവാടങ്ങൾക്ക് മികച്ച പേരുകൾ നിർദേശിച്ച ജീവനക്കാരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ആദരിച്ചു. പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറും ഇൻഫർമേഷൻ ഓഫീസറും ചേർന്നാണ് ജീവനക്കാരുടെ നിർദേശങ്ങളിൽ നിന്നും അവസാന പട്ടിക തയ്യാറാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home