ചിത്രരചനയിൽ "കോൾഡ് വാക്സ്' മാതൃകയുമായി വത്സല മേനോൻ

മട്ടാഞ്ചേരി
ഇന്ത്യയിൽ അത്രപരിചിതമല്ലാത്ത "കോൾഡ് വാക്സ്' മാധ്യമവുമായി വത്സല മേനോന്റെ ചിത്രപ്രദർശനം. "സ്ട്രേറ്റ് ഫ്രം ദി ഹാർട്ട്' പ്രദർശനം ഡേവിഡ് ഹാളിൽ തുടങ്ങി. തേനീച്ച മെഴുക്, സോയ, ആൽക്കൈഡ് റെസിൻ, ഗന്ധമില്ലാത്ത സ്പിരിറ്റ് തുടങ്ങിയവ കൂടിച്ചേർന്ന പദാർഥമാണ് കോൾഡ് വാക്സ്. ഇതിൽ ഓയിൽ പെയിന്റ് കലർത്തിയാണ് ചിത്രം വരയ്ക്കാനുള്ള മീഡിയം തയ്യാറാക്കുന്നത്. ക്യാൻവാസിനും പ്രത്യേകതയുണ്ട്. "ഗെസോ' എന്ന വെള്ള പ്രൈമർ പൂശിയ മരപ്പലകയാണ് ക്യാൻവാസായി ഉപയോഗിക്കുക. 22 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഗുരുവായൂർ സ്വദേശി വത്സലമേനോന് ചെറുപ്പംമുതലേ വരയ്ക്കാൻ ഇഷ്ടമായിരുന്നു. ചെന്നൈയിൽ സ്കൂൾ, കോളേജ് വിദ്യാഭ്യാസത്തിനുശേഷം വിവാഹിതയായി അമേരിക്കയിലെത്തി. തുടർന്ന് ഭർത്താവിന്റെ പിന്തുണയിലാണ് ചിത്രരചനാരീതി സ്വായത്തമാക്കിയത്.
യുഎസിൽ പ്രചാരത്തിലുള്ള കോൾഡ് വാക്സ് രീതി പഠിച്ചെടുത്തു. അക്രിലിക് മാധ്യമവും ഉപയോഗിക്കാറുണ്ട്. അമേരിക്കയിൽ വാഷിങ്‌ടൺ ഡിസി, ചിക്കാഗോ, മേരിലാൻഡ് എന്നിവിടങ്ങളിലും ശ്രീലങ്കയിലും മുമ്പ് പ്രദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ചിത്രപ്രദർശനമാണ് ഫോർട്ട് കൊച്ചിയിലേത്. അമേരിക്കയിൽ ടീ ടേസ്റ്ററായി ജോലിചെയ്തിരുന്ന ഭർത്താവ് ദേവ് മേനോനുമായി ഇന്ത്യയിൽ തിരിച്ചെത്തി മൈസൂരുവിൽ സ്ഥിരതാമസമാക്കി. മിസ്റ്റി മോർണിങ്, ലിസൺ ടു മൈ ഹാർട്ട്, ലേഡി ഇൻ റെഡ്, കോവിഡ് കാലഘട്ടത്തെ അനുസ്മരിക്കുന്ന ട്രാപ്പ്ഡ് ഇൻ റിയാലിറ്റി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. പ്രദർശനം 31ന് അവസാനിക്കും.









0 comments