ഡിവൈഎഫ്‌ഐയുടെ കനിവിന് ഒരുങ്ങുന്നു, കപ്പൽശാലയുടെ തണൽ

കൊച്ചി
എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്‌ഐ വിളമ്പുന്ന സൗജന്യ ഉച്ചഭക്ഷണപ്പൊതി വെയിലും മഴയുമേൽക്കാതെ വരിനിന്ന് വാങ്ങാൻ സൗകര്യമൊരുങ്ങുന്നു. വരിനിൽക്കാനും ഇരുന്ന് ഭക്ഷണം കഴിക്കാനുമായി കൊച്ചി കപ്പൽശാലയാണ് സൗകര്യമൊരുക്കുന്നത്.
പൊതുനന്മഫണ്ടിൽനിന്നുള്ള 55 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. വ്യവസായമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന് കപ്പൽശാല പ്രതിനിധികൾ പണം കൈമാറി. പൊതുമരാമത്ത് വിഭാഗമാണ് നിർമാണം നടത്തുക.
മെഡിക്കൽ കോളേജിൽ ചികിത്സാർഥം എത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും 2017 ജൂലൈ 23നാണ് സൗജന്യമായി പൊതിച്ചോറ് വിതരണം ആരംഭിച്ചത്. ആദ്യം ആഴ്‌ചയിൽ ഒരു ദിവസമായിരുന്നു വിതരണം . 2017 നവംബർമുതൽ എല്ലാ ദിവസവും വിതരണം തുടങ്ങി. നിരവധിപേർക്കാണ് ഇത് പ്രയോജനം ചെയ്യുന്നത്. എന്നാൽ, വെയിലും മഴയുംകൊണ്ട് ക്യൂ നിന്നുവേണം നിലവിൽ ഭക്ഷണം വാങ്ങാൻ.
പുതിയ സംവിധാനത്തിൽ മാലിന്യസംസ്‌കരണം ഉൾപ്പെടെ വിഭാവനം ചെയ്‌തിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം ഗണേഷ് മോഹൻ പറഞ്ഞു. ആറുമാസത്തിനകം പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐയുടെ ചുവടുപിടിച്ച് റോട്ടറി ക്ലബ്ബും വിവിധ സന്നദ്ധ സംഘടനകളും രാവിലെയും വൈകിട്ടും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇവർക്കും ഇൗ സൗകര്യം പ്രയോജനപ്പെടും.










0 comments