ad
Deshabhimani

ഇന്ത്യൻ കപ്പൽ നിർമാണരംഗത്തെ നാഴികക്കല്ല്

ഒരേസമയം 3 കപ്പലുകൾ
നീറ്റിലിറക്കാൻ കൊച്ചിൻ ഷിപ്‌യാർഡ്

cochin shipyard
വെബ് ഡെസ്ക്

Published on Oct 17, 2025, 03:10 AM | 2 min read

കൊച്ചി


രാജ്യത്തിന്റെ കപ്പൽ നിർമാണ മേഖലയിൽ നാഴികക്കല്ലായി കൊച്ചി കപ്പൽശാലയിൽ അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച മൂന്ന് കപ്പലുകൾ ഒരേദിവസം നീറ്റിലിറക്കും.


അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പൽ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യുഎസ്ഡബ്ല്യുസി), ഹൈബ്രിഡ് ഇലക്‌ട്രിക്‌ മെഥനോൾ-റെഡി കമീഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ "ഡിസിഐ ഡ്രഡ്ജർ ഗോദാവരി'എന്നിവയാണ് നീറ്റിലിറക്കുന്നത്. ശനി പകൽ രണ്ടിന്‌ കൊച്ചി കപ്പൽശാലയിലാണ്‌ ചടങ്ങ്‌.


രാജ്യത്തെ ഏറ്റവും 
വലിയ ഡ്രഡ്ജർ


ഡ്രഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കു (ഡിസിഐ)വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറാണ് "ഡിസിഐ ഡ്രഡ്ജ് ഗോദാവരി'. 12,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ള സക്‌ഷൻ ഹോപ്പര്‍ ഡ്രഡ്ജറാണിത്. വലിയ ചരക്കുകപ്പലുകള്‍ക്കടക്കം രാജ്യത്തെ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാവുന്നതരത്തില്‍ തുറമുഖ നവീകരണം സാധ്യമാക്കുകയാണ് ലക്ഷ്യം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിൽ നിർമിച്ച ഡ്രഡ്ജറിന് 950 കോടിയാണ് ചെലവ്‌.


നാവികസേനയ്‌ക്ക്‌
ആറാമത്തെ
അന്തർവാഹിനി
ആക്രമണ പ്രതിരോധക്കപ്പൽ


രാജ്യത്ത് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പലിന് 78 മീറ്റർ നീളവും 896 ടൺ ഭാരവുമാണുള്ളത്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലുകളിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്ന്‌ വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ എന്നിവ വിന്യസിക്കാനുള്ള സംവിധാനമുണ്ട്‌. 2019 ഏപ്രിലിലെ കരാർപ്രകാരം നാവികസേനയ്ക്കായി എട്ട്‌ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളാണ് കപ്പൽശാല നിർമിക്കുന്നത്‌. ഇതിൽ ആറാമത്തേതാണ്‌ ഇപ്പോൾ പൂർത്തിയാക്കിയത്‌.


ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ- റെഡി
കമീഷനിങ് സർവീസ്
ഓപ്പറേഷൻ വെസൽ

തീരത്തുനിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമീഷനിങ്, സര്‍വീസ്, മറ്റു പ്രവൃത്തികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഹൈബ്രിഡ് ഇലക്‌ട്രിക്‌ മെഥനോൾ- റെഡി കമീഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ. ഡീസൽ എൻജിനുകൾ പ്രവർത്തിപ്പിക്കാനും കാറ്റാടിപ്പാടങ്ങളിലെ ടർബൈനുകൾക്കടുത്ത് വളരെ കുറഞ്ഞവേഗത്തിൽ സഞ്ചരിക്കുമ്പോഴോ ഡോക്ക് ചെയ്യുമ്പോഴോ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും കഴിയുംവിധമാണ്‌ നിർമാണം. ഭാവിയിൽ മെഥനോൾ ഇന്ധനമായി ഉപയോഗിക്കാനുള്ള സാങ്കേതികസൗകര്യവുമുണ്ട്‌. മണിക്കൂറില്‍ 13 നോട്ടിക്കല്‍ മൈലാണ്‌ വേഗം. നീളം 93 മീറ്റര്‍, വീതി 19.6 മീറ്റര്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home