കൊച്ചി തുറമുഖ വികസനം ശക്തിപ്പെടേണ്ടത് സന്പദ്‌ഘടനയ്‌ക്ക് പ്രധാനം: പി രാജീവ്

കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ കൊച്ചി തുറമുഖത്തിന്റെ പുനർവികസനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കൊച്ചി തുറമുഖത്തിന്റെയും പുതുവൈപ്പ്, വല്ലാർപാടം പദ്ധതികളുടെയും വികസനം കൊച്ചിയുടേത് മാത്രമല്ല, കേരളത്തിന്റെയാകെ പൊതു ആവശ്യമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. കൊച്ചി പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവയുടെ വികസനം ശക്തിപ്പെടേണ്ടത് സംസ്ഥാനത്തിന്റെ സന്പദ്‌ഘടനയ്‌ക്ക് പ്രധാനമാണ്. അനുബന്ധമേഖലകളായ ഉൗർജം, വ്യവസായം, സമുദ്രഭക്ഷ്യോൽപ്പന്നം, ടൂറിസം തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്തണം. കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കണം. കേരളത്തിന്റെയാകെയുള്ള വികസനത്തിന് വിഴിഞ്ഞം, കൊച്ചി, വല്ലാർപാടം, പുതുവൈപ്പ് പദ്ധതികൾ ആവശ്യമാണ്.
ഇവ പരസ്‌പരം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാകും. കേന്ദ്രത്തിന്റെ പൂർണനിയന്ത്രണത്തിലാണ് കൊച്ചി തുറമുഖം. അടിസ്ഥാനവികസനത്തിൽ കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനം പ്രത്യേകം ശ്രദ്ധിക്കണം. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഇടപെടണമെന്നും രാജീവ് പറഞ്ഞു.
"കൊച്ചി തുറമുഖത്തിന്റെ പുനരുജ്ജീവനം, പുനർവികസനം, വൈവിധ്യവൽക്കരണം, തൊഴിൽ സൃഷ്ടിക്കൽ–പുതുവൈപ്പ്, വല്ലാർപാടം പദ്ധതികളുടെ ശേഷി ഉപയോഗിക്കൽ–കാഴ്‌ചപ്പാടും പ്രായോഗികതയും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഓർഗനൈസേഷൻ പ്രസിഡന്റ് കെ ചന്ദ്രൻപിള്ള അധ്യക്ഷനായി.
ഡോ. ജോസ് പോൾ മുഖ്യപ്രഭാഷണം നടത്തി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിനായി ഉപദേശകസമിതി രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓർഗനൈസേഷൻ ജനറൽസെക്രട്ടറി സി ഡി നന്ദകുമാർ വിഷയാവതരണം നടത്തി. കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി ചെയർപേഴ്‌സൺ സതീഷ് ഹൊണ്ണക്കാട്ടെ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, സിഐടിയു അഖിലേന്ത്യ സെക്രട്ടറി ദീപ കെ രാജൻ, ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, കെ ജി നാഥ്, ഡോ. സി ഉണ്ണിക്കൃഷ്‌ണൻ, വർഗീസ് ജോർജ്, വിനോദിനി സുകുമാരൻ, പ്രകാശ് അയ്യർ, ടി നരേന്ദ്രറാവു, അബ്ദുൾ അസീസ്, സി എസ് കർത്ത, ടോമി മാത്യു, കെ എം റിയാദ്, എം ജി അജി, അലക്‌സ് നൈനാൻ, പി ബി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. സുവർണ ജൂബിലി സുവനീറും പ്രകാശിപ്പിച്ചു.










0 comments