12–ാമത് ഇന്ത്യൻ ദക്ഷിണധ്രുവ സമുദ്ര ശാസ്ത്രപര്യവേക്ഷണം
അന്റാർട്ടിക്കയിലെ കൂന്തൽ ജൈവവൈവിധ്യം അടുത്തറിഞ്ഞ് സിഎംഎഫ്ആർഐ സംഘം

കൊച്ചി
അന്റാർട്ടിക്കയിലെ കൂന്തൽ ജൈവവൈവിധ്യത്തെ പഠിക്കാനുള്ള ഗവേഷണ സർവേയുമായി സിഎംഎഫ്ആർഐ സംഘം. ദക്ഷിണധ്രുവ സമുദ്രത്തിലേക്കുള്ള 12–-ാമത് ഇന്ത്യൻ ശാസ്ത്രപര്യവേക്ഷണത്തിന്റെ ഭാഗമായാണ് ഗവേഷണം.
ഷെൽഫിഷ് ഫിഷറീസ് വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാർ, ടെക്നിക്കൽ ഓഫീസർ ഡോ. കെ കെ സജികുമാർ എന്നിവരാണ് പര്യവേക്ഷണത്തിന്റെ ഭാഗമായുള്ള സിഎംഎഫ്ആർഐ ഗവേഷകർ. പ്രധാനമായും കൂന്തലിന്റെ ലഭ്യതയും അന്റാർട്ടിക്കൻ ആവാസവ്യവസ്ഥയിൽ അവയുടെ പങ്കും പഠിക്കുകയാണ് ലക്ഷ്യം. 47 ദിവസത്തെ പര്യവേക്ഷണത്തിൽ 36 ദിവസം പിന്നിട്ടു. ശേഖരിച്ച കൂന്തൽക്കുഞ്ഞുങ്ങളെ (പാരാ ലാർവെ) വിശദപരിശോധനയ്‌ക്ക് വിധേയമാക്കും. ദക്ഷിണധ്രുവ പ്രദേശങ്ങളിൽ ഇവയുടെ ജൈവവൈവിധ്യം ശാസ്ത്രീയമായി മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. ചെവിക്കല്ല് വിശകലനം ചെയ്ത് കൂന്തൽ ഇനങ്ങളുടെ വയസ്സും വളർച്ചയും കണ്ടെത്താനുമാകും. ദക്ഷിണധ്രുവ സമുദ്രത്തിലെ പറക്കുംകൂന്തലിന്റെ ലഭ്യതയും പഠനവിധേയമാക്കുന്നുണ്ട്.
കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിനുകീഴിൽ ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് സംഘടിപ്പിക്കുന്ന പര്യവേക്ഷണത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 16 ഗവേഷണസ്ഥാപനങ്ങളും സർവകലാശാലകളും പങ്കാളികളാണ്.
പര്യവേക്ഷണത്തിൽ 42 ഗവേഷകരാണുള്ളത്. മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ഗവേഷണ കപ്പൽ നിർത്തിയാണ് സാമ്പിൾ ശേഖരണം. സമുദ്ര ആവാസവ്യവസ്ഥയെ കൂടുതൽ കൃത്യമായി മനസ്സിലാക്കാനും സമുദ്രസമ്പത്തിന്റെ സുസ്ഥിര മാനേജ്മെന്റ് രീതികളെ സഹായിക്കാനും പഠനങ്ങൾ വഴിതുറക്കുമെന്ന് ഡോ. ഗീത ശശികുമാർ പറഞ്ഞു. താഴ്ന്ന മർദവും ഭീമൻതിരമാലകളും ശക്തമായ കാറ്റോടെയുള്ള അതിശൈത്യവും അവഗണിച്ചാണ് സർവേ നടത്തുന്നതെന്ന് ഡോ. സജികുമാർ പറഞ്ഞു.










0 comments