ഹജജ്: കരിപ്പൂർ വഴിയുള്ള യാത്രക്ക് ഇത്തവണയും ചെലവേറും

കരിപ്പൂർ: കരിപ്പൂർ എംമ്പാർക്കേഷൻ വഴിയുള്ള 2027ലെ ഹജജ് യാത്രക്ക് ചെലവേറും. നെടുമ്പാശ്ശേരി, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളേക്കാൾ ഭീമമായ തുക കരിപ്പൂർ വഴിയാത്ര തിരിക്കുന്ന തീർഥാടകർ ഇത്തവണയും വിമാന നിരക്കായി നൽകേണ്ടി വരും.കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റെസ നിർമാണം പൂർത്തിയാകാത്തതിനാൽ വലിയ എയർക്രാഫ്റ്റുകൾക്ക് സർവ്വീസിന് ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല. ചെറിയ വിമാനങ്ങളാവും ഇത്തവണയും ഹജജ്സർവിസിന് ഉപയോഗിക്കുക. ഇതിനായി വിമാന കമ്പനികളിൽ നിന്നും ഈ മാസം ടെൻഡർ ക്ഷണിക്കും. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റെസ നിർമാണം 60 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായത്. റെസയുടെ നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. മഴ കാരണം ഇപ്പോൾ പ്രവൃത്തികൾ പൂർണ്ണമായും നിർത്തി. പ്രവൃത്തി ഇനി എന്ന് പുനരാരംഭിക്കുമെന്നതിലും വ്യക്തതയില്ല.
കേരളത്തിൽനിന്ന് 11,139 പേർക്കാണ് 2027ലെ ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 1625 തീർഥാടകരാണ് കരിപ്പൂർ തിരഞ്ഞെടുത്തത്. 6493 പേർ നെടുമ്പാശ്ശേരി വഴിയും 3021 തീർഥാടകർ കണ്ണൂർ വഴിയുമാണ് യാത്ര തിരിക്കുക. കണ്ണൂരിലും നെടുമ്പാശ്ശേരിയിലും വലിയ വിമാനങ്ങൾ സർവിസ് നടത്തുന്നതിനാൽ വിമാന നിരക്ക് താരതമ്യേന കുറയും. എന്നാൽ കരിപ്പൂരിൽ നിന്ന് സർവിസ് നടത്തുന്ന ചെറിയ വിമാനങ്ങൾ ടെൻഡറിൽ പങ്കെടുത്ത് സർവ്വീസ് ഏറ്റെടുക്കുന്ന വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തും.
2026ൽ നെടുമ്പാശ്ശേരി, കണ്ണൂർ എന്നീ എംമ്പാർക്കേഷൻ പോയൻ്റുകളെക്കാൾ 20,000 രൂപ അധികമായിരുന്നു കരിപ്പൂരിൽ നിന്ന് ഈടാക്കിയത്. 2025 ൽ 36,000 രൂപയും അധികമായി ഈടാക്കി.എയർ ഇന്ത്യയാണ് സർവിസിന് ടെൻഡർ എടുക്കുന്നതെങ്കിൽ ഇത്തവണനിരക്ക് കുത്തനെ കൂട്ടുമെന്നാണ് അറിയുന്നത്. കഴിഞ്ഞ രണ്ട് തവണയും ഫ്‌ളൈ നാസാണ് കരിപ്പൂരിലെ ഹജ്ജ് സർവിസുകൾ ഏറ്റെടുത്തത്.










0 comments