ഇന്ത്യ വനിതാ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം; മൂന്ന് ട്വന്റി 20 മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി

ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ വനിതാ ടീം മൂന്ന് ഏകദിന മത്സരങ്ങൾക്കും ഒരു ടെസ്റ്റ് മത്സരത്തിനും പുറമെ മൂന്ന് ട്വന്റി 20 മത്സരങ്ങളിലും പങ്കെടുക്കും.
ന്യൂഡൽഹി: ഇന്ത്യ വനിതാ ക്രിക്കറ്റ് ടീമിന്റെ ഈ വർഷത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങൾക്കും ഒരു ടെസ്റ്റിനുമൊപ്പം മൂന്ന് ട്വന്റി 20 മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി പര്യടനം വിപുലീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഡിസംബർ 9 മുതൽ 12 വരെ ക്വെബെർഹയിൽ ടെസ്റ്റ് മത്സരം നടക്കും.
തുടർന്ന് ഡിസംബർ 16 മുതൽ 30 വരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അരങ്ങേറും. ശ്രീലങ്കയിൽ അടുത്ത വർഷം നടക്കുന്ന പ്രഥമ വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് ട്വന്റി 20 പരമ്പര ഇരു ടീമുകൾക്കും സഹായകരമാകും.
2029 വനിതാ ഏകദിന ലോകകപ്പിലേക്കുള്ള യോഗ്യതാ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഏകദിന മത്സരങ്ങൾ പാർൽ, കേപ് ടൗൺ, ബ്ലൂംഫോണ്ടെയ്ൻ എന്നിവിടങ്ങളിലായി നടക്കും.ട്വന്റി 20 മത്സരങ്ങൾ ബെനോണിയിലും പോച്ചെഫ്സ്ട്രൂമിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന ട്വന്റി 20 പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 4-1ന് തോൽപ്പിച്ചിരുന്നു. തുടർന്ന് ട്വന്റി 20 ലോകകപ്പിലും ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചിരിക്കുകയാണ്.









0 comments