അഞ്ചുവർഷം; മോദി വിദേശ യാത്രയ്‌ക്ക് പൊടിച്ചത് 557 കോടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയുടെ വിദേശയാത്രക്കായി അഞ്ചുവർഷം കൊണ്ട് ഖജനാവിൽനിന്ന് പൊടിച്ചത് 577 കോടി രൂപ. 77 രാജ്യങ്ങളിലേക്ക് നടത്തിയ വിദേശ സന്ദർശനങ്ങൾക്കായി 557.51 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. 2021 മുതൽ 2026 ആഗസ്ത് വരെയുള്ള കാലയളവിലെ ചെലവ് മാത്രമാണിത്. രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരറ്റയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ വിദേശ സന്ദർശനങ്ങളിൽ ഒപ്പുവെച്ച കരാറുകളിലൂടെയുണ്ടായ വിദേശ നിക്ഷേപത്തിന്റെ കണക്കുകൾ വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലത്തുൾപ്പെടെ പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. 2021ൽ 36.12 കോടി രൂപയാണ് ചെലവഴിച്ചത്. 2022ൽ 55.8 കോടി രൂപ, 2023ൽ 93.6 കോടി രൂപ, 2024 ൽ 109.5 കോടി രൂപ, 2025ൽ 187.83 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. 2026ൽ ജൂലൈ വരെ മാത്രമായി 75 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.
അഞ്ചുവർഷത്തിനിടെ വിവിധ രാജ്യങ്ങളുമായി 316 ധാരണാപത്രങ്ങൾ ഒപ്പുവെച്ചതായും സർക്കാർ അറിയിച്ചു. എന്നാൽ ഈ ധാരണാപത്രങ്ങളിൽ എത്ര എണ്ണം പ്രായോഗികമായി നടപ്പിലാക്കപ്പെട്ടുവെന്നത് വ്യക്തമാക്കിയിട്ടില്ല. എത്ര വിദേശ നിക്ഷേപം ലഭിച്ചു, രാജ്യത്ത് എത്ര പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു, എത്ര പദ്ധതികൾ നടപ്പിലായി തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ സർക്കാർ മറുപടിയിൽ നൽകിയിട്ടില്ല. അതിന് പകരം പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ ഇന്ത്യയ്ക്ക് ലഭിച്ച ആകെ വിദേശ നിക്ഷേപം 381.8 ബില്യൺ യുഎസ് ഡോളറാണെന്ന പൊതുവിവരം മാത്രമാണ് സർക്കാർ നൽകിയത്. ഇത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ മാത്രമാണെന്നനിലയിൽ അവതരിപ്പിക്കുന്നത് തെറ്റായകാര്യമാണെന്ന് വി ശിവദാസൻ പറഞ്ഞു. ഇവ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളുടെ ഫലമായി നേടിയതാണെന്നു തെളിയിക്കുന്ന യാതൊരു രേഖകളും വിവരങ്ങളും സർക്കാർ നൽകിയിട്ടില്ല.
പ്രധാനമന്ത്രി 2021മുതൽ സന്ദർശിച്ചത് 77 രാജ്യങ്ങളിലാണ് എന്നാൽ കരാറൊപ്പുവച്ചത് കേവലം 43 രാജ്യങ്ങളുമായി മാത്രമാണെന്നാണ് സർക്കാർ പറയുന്നത്. ഇത്രയും രാജ്യങ്ങളുമായി ഒപ്പിട്ട കാരാറുകളുടെ എണ്ണം 316 ആണ്. അതിൽ 44 എണ്ണവും യുഎഇയുമായി മാത്രമാണ്. ഫ്രാൻസുമായി 33 കരാറുകളും ഒപ്പിട്ടുണ്ട്. ഇസ്രയേലുമായി ഒപ്പിട്ടത് 16 കരാറുകളാണ്. അതിൽ ഇസ്രയേൽ സെക്യൂരിറ്റി സർവീസുമായുണ്ടാക്കിയതും മാസാവ് പ്ലാറ്റ്ഫോമിൽ യുപിഐ നടപ്പിലാക്കലുമുൾപ്പടെയുള്ളവക്കെതിരായി വ്യാപകമായ ജനകീയ പ്രക്ഷോഭം ഉയർന്നുവന്നതുമാണ്. ഇതിനൊപ്പം യുഎസ്എയുമായി എട്ട് കരാറുകളും ഒപ്പിട്ടുണ്ട്. അതിലെല്ലാം അമേരിക്കയുടെ താൽപ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ വകുപ്പുൾപ്പെടെയുള്ള ഇതരവകുപ്പുകൾക്കും വിദേശത്തെ ഇന്ത്യൻ എംബസിക്കുമുണ്ടായ അനുബന്ധചെലവുകളുമൊന്നും കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൂടി ഉൾപ്പെടുത്തുകയാണെങ്കിൽ പ്രധാനമന്ത്രിയുടെ യാത്രാചെലവ് പാർലമെന്റിൽ വെളിപ്പെടുത്തിയതിനേക്കാൾ പലമടങ്ങുകൂടുതലായിരിക്കും. രാജ്യത്തോട് സത്യസന്ദതപുലർത്താനും സുതാര്യമായ മറുപടികൾ നൽകാനും മോദി സർക്കാർ തയ്യാറാകണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.









0 comments