ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർ

ഇന്ത്യൻ എയർഫോഴ്സ് അഗ്നിപഥ് പദ്ധതിക്ക് കീഴിൽ അഗ്നിവീർവായു നോൺ- കംബാറ്റന്റ് (ഇൻടേക്ക് 01/2027) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. നാല് വർഷത്തെ നിശ്ചിത കാലാവധിയിലേക്കാണ് നിയമനം. ഇന്ത്യൻ എയർഫോഴ്സിലെ (IAF) ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് സ്ട്രീമുകളിലാണ് നിയമനം. വിജ്ഞാപനത്തിൽ ഒഴിവുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം (ആക്കുളം, ശംഖുമുഖം) ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാം. അംഗീകൃത ബോർഡുകളിൽനിന്ന് പത്താം ക്ലാസ് (മെട്രിക്കുലേഷൻ) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 152 സെ.മീ ഉയരവും 5 സെ.മീ നെഞ്ച് വികസിപ്പിക്കാനുള്ള ശേഷിയും ഉണ്ടായിരിക്കണം. അപേക്ഷകർ 2005 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നി-നും ഇടയിൽ ജനിച്ചവരായിരിക്കണം. നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ 30 മാർക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് എഴുത്തുപരീക്ഷ (ഇംഗ്ലീഷ് 15 മാർക്ക്, ജനറൽ നോളജ് 15 മാർക്ക്) ഉണ്ടായിരിക്കും. ഇതിൽ വിജയിക്കുന്നവർക്ക് ശാരീരിക ക്ഷമതാ പരീക്ഷ (1.6 കി.മീ ഓട്ടം, പുഷ്-അപ്പ്, സിറ്റ്-അപ്പ്, സ്ക്വാട്ടുകൾ), സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ് (SST), മെഡിക്കൽ പരിശോധന എന്നിവ ഉണ്ടായിരിക്കും. ഉദ്യോഗാർഥികൾ തങ്ങളുടെ പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കുന്ന അതത് എയർഫോഴ്സ് സ്റ്റേഷനുകൾ/ലൊക്കേഷനുകൾ തന്നെയായിരിക്കും അവരുടെ പരീക്ഷാകേന്ദ്രം. അപേക്ഷാ ഫീസ് ഇല്ല. അപേക്ഷകൾ സാധാരണ തപാൽ വഴിയോ അതത് കേന്ദ്രങ്ങളിലെ ഡ്രോപ്പ് ബോക്സ് വഴിയോ സമർപ്പിക്കാം. edcil.co.in സന്ദർശിച്ച് വിജ്ഞാപനത്തിന്റെ പൂർണരൂപവും അപേക്ഷാ ഫോമും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്‌ത് 17.










0 comments