അച്ഛന്റെ സംസ്കാരം മക്കൾ കണ്ടത് വീഡിയോ കോളിൽ; കർമങ്ങൾക്കായി 5,100 രൂപ അയച്ചുകൊടുത്തു

സോനിപത് : വൃദ്ധസദനത്തിൽ കിടന്ന് മരിച്ച പിതാവിന്റെ അന്ത്യകർമങ്ങൾ വീഡിയോ കോൾ വഴി കണ്ട് പെൺമക്കൾ. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. മുംബൈയില്‍ ടെക്സ്റ്റൈൽ വ്യാപാരിയായിരുന്ന ശിവചരൺ രാം രതൻ ഗുപ്ത കഴിഞ്ഞ രണ്ട് വർഷമായി സോനിപത്തിലുള്ള ഒരു വൃദ്ധസദനത്തിൽ കഴിയുകയാണ്. ദീർഘകാലമായി അസുഖബാധിതനായിരുന്ന ഗുപ്ത ചൊവ്വാഴ്ചയാണ് മരണപ്പെടുന്നത്.
ഭാര്യ മീന നേരത്തെ മരിച്ചിരുന്നു. രാം രതൻ ഗുപ്തയോടൊപ്പം അവിടെ കഴിയുകയായിരുന്നു അവര്‍. ഗുപ്തയുടെ മരണവിവരം വയോജന മന്ദിരത്തിലെ അധികൃതർ മക്കളെ അറിച്ചിരുന്നെങ്കിലും പിതാവിന്റെ അന്ത്യകർമങ്ങൾക്ക് മൂന്ന് പെൺമക്കളും എത്തിയില്ല. പകരം നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് പെൺമക്കൾ വീഡിയോ കോൾ ചെയ്യുകയായിരുന്നു. രണ്ട് പെൺമക്കളും അധ്യാപകരാണ്.
അസുഖബാധിതനായ ശേഷം മക്കൾ പിതാവുമായി അധികം സംസാരിച്ചിരുന്നില്ല. നേപ്പാളിലുണ്ടായിരുന്ന മകൾ 5,100 രൂപ വൃദ്ധസദനത്തിന് അയച്ചുകൊടുക്കുകയും അച്ഛന്റെ കർമങ്ങൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. സംസ്കാര ചടങ്ങുകൾക്ക് ശേഷം ചടങ്ങുകളുടെ വിഡിയോകൾ അയച്ചു കൊടുക്കാനും മക്കൾ വയോജന മന്ദിര അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.
ഗുപ്തയുടെ ആരോഗ്യസ്ഥിതി 20 ദിവസം മുൻപ് മോശമാവുകയും വിവരം മക്കളെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എന്നാൽ മൂന്ന് പേരും പിതാവിനെ കാണാൻ എത്തിയില്ല. പെൺമക്കളുടെ വിദ്യാഭ്യാസത്തിനായാണ് ഗുപ്ത തന്റെ സമ്പാദ്യം മുഴുവൻ മാറ്റിവെച്ചതെന്നും മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും വൃദ്ധസദനത്തിലെ അധികൃതർ അറിയിച്ചു. വയോജന മന്ദിരത്തിലെ അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സംസ്കാരചടങ്ങുകൾ നടത്തിയത്.










0 comments