സിഎംഎഫ്ആർഐ സ്ഥാപിത ദിനാഘോഷം
വരൂ... കടല്‍ക്കാഴ്ച കാണാൻ

സിഎംഎഫ്ആർഐയിലെ മറൈൻ അക്വേറിയത്തിൽനിന്നുള്ള ദൃശ്യം
കൊച്ചി
ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) 79–ാം സ്ഥാപിതദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സിഎംഎഫ്ആർഐ ഓപ്പൺ ഹൗസ് പ്രദർശനം നടത്തും. രാവിലെ ഒന്പതുമുതൽ മൂന്നുവരെയാണ് പ്രദർശനം. കടലാഴങ്ങളിലെ ജൈവവൈവിധ്യങ്ങളും സിഎംഎഫ്ആർഐയുടെ പഠനഗവേഷണങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
ഗവേഷണവിഭാഗങ്ങൾ ഒരുക്കുന്ന പ്രദർശനം, അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം, ലബോറട്ടറികൾ, ഹാച്ചറികൾ തുടങ്ങിയ സന്ദർശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും. തിമിംഗിലം, ഡോൾഫിൻ തുടങ്ങിയ കടൽസസ്തനികളെക്കുറിച്ചുള്ള പ്രത്യേക പവലിയനാണ് ഇത്തവണത്തെ പ്രധാന ആകർഷണം. മൂവായിരത്തോളം സമുദ്രവൈവിധ്യങ്ങളുടെ ശേഖരമടങ്ങുന്നതാണ് സിഎംഎഫ്ആർഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം.
കാർഷിക അനുബന്ധ മേഖലകളിലെ ഉന്നതപഠനം, തൊഴിൽസാധ്യത എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക സെഷൻ 2.30 മുതൽ നാലുവരെ നടക്കും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉൾപ്പെടെ വിവിധ ശാസ്‌ത്രജ്ഞർ വിദ്യാർഥികളുമായി സംവദിക്കും.











0 comments