ഓട്ടോകളുടെ നിയമലംഘനം; 851 കേസുകൾ

കൊച്ചി
നഗരത്തിൽ ഓട്ടോകളുടെ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി സിറ്റി പൊലീസ്. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 15 വരെ വിവിധ നിയമലംഘനങ്ങൾക്ക് 851 കേസുകളെടുത്തു. തടസ്സകരമായ പാർക്കിങ്, അമിതനിരക്ക് ഈടാക്കൽ, സീബ്രാ ക്രോസിങ് ലംഘനം, സിഗ്നൽലംഘനം, നോ പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ നിർത്തൽ, ഗതാഗതതടസ്സം സൃഷ്ടിക്കൽ എന്നിവയാണ് പ്രത്യേകപരിശോധനാ ഡ്രൈവിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ. കേസെടുത്ത് ഡ്രൈവറിൽനിന്ന് പിഴ ഈടാക്കുന്നതിനൊപ്പം ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ ലൈസൻസ് സസ്‌പെൻഷന് ശുപാർശ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പ്രധാന ജങ്‌ഷനുകൾ, സ്കൂൾപരിസരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രി മേഖലകൾ, മെട്രോ പില്ലർ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ഗതാഗതബുദ്ധിമുട്ടും അപകടസാധ്യതയും വർധിപ്പിക്കുന്നതായി കണ്ടെത്തി. സീബ്രാ ക്രോസിങ്ങുകൾ മറയുംവിധം വാഹനങ്ങൾ നിർത്തുന്നത് കാൽനടക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരഭീഷണിയാണെന്നും പൊലീസ് വ്യക്തമാക്കി. സീബ്രാ ക്രോസിങ്ങുകൾ, ബസ് സ്റ്റോപ്പുകൾ, ജങ്‌ഷനുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തരുതെന്നും നിശ്ചിത ഓട്ടോ സ്റ്റാൻഡുകളിൽമാത്രമേ പാർക്കിങ് അനുവദിക്കുകയുള്ളൂവെന്നും എല്ലാ ഓട്ടോറിക്ഷ ഡ്രൈവർമാരോടും പൊലീസ് കർശനമായി നിർദേശിക്കുന്നു.









0 comments