ad
Deshabhimani

പറന്നത് 1 കോടി യാത്രക്കാർ ; ഹാട്രിക് നേട്ടവുമായി സിയാൽ

cial
വെബ് ഡെസ്ക്

Published on Jan 07, 2026, 03:01 AM | 1 min read


നെടുമ്പാശേരി

തുടർച്ചയായ മൂന്നാംവർഷവും ഒരുകോടി യാത്രക്കാരുമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ). കൊച്ചി വിമാനത്താവളത്തിലൂടെ തുടർച്ചയായി മൂന്നാംവർഷവും ഒരു കോടി യാത്രക്കാരാണ്‌ സഞ്ചരിച്ചത്‌. ദക്ഷിണേന്ത്യയില്‍ വര്‍ഷം ഒരുകോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളവും കേരളത്തിലെ ഏക വിമാനത്താവളവുമാണിത്‌.


2025 ജനുവരി–ഡിസംബർ കാലയളവിൽ 1,15,19,356 പേരാണ് സിയാലിലൂടെ യാത്ര ചെയ്‌തത്‌. ഇതിൽ 55.17 ലക്ഷം രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ്. 2024ൽ യാത്രക്കാരുടെ എണ്ണം 1,09,86,296 എന്ന നിലയിലായിരുന്നു. ഏകദേശം 4.85 ശതമാനമാണ്‌ വളർച്ച. 5.33 ലക്ഷം യാത്രക്കാരാണ് വർധിച്ചത്.


മൊത്തം 74,689 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തി. 2025ൽ ഏറ്റവും കൂടുതൽ യാത്രക്കാർ മേയിലായിരുന്നു. ഏകദേശം 11.07 ലക്ഷംപേർ. ജനുവരിയിൽ 10.44 ലക്ഷംപേരും ഡിസംബറിൽ 10.06 ലക്ഷംപേരും സിയാൽ വഴി പറന്നു.


കഴിഞ്ഞ മേയിൽ നടപ്പാക്കിയ സിയാൽ 2.0 പദ്ധതിയിലൂടെ യാത്രക്കാർക്ക് ഡിജിയാത്ര സൗകര്യം ഏർപ്പെടുത്തി. ആഭ്യന്തര ടെർമിനലിലൂടെയുള്ള ട്രാൻസിറ്റും വേഗത്തിലാക്കി. മെച്ചപ്പെട്ട സൗകര്യങ്ങൾ, ആധുനിക ടെർമിനൽ അന്തരീക്ഷം, സ്മാർട്ട് മാനേജ്മെന്റ് എന്നീ ഡിജിറ്റൈസ്ഡ് സംവിധാനങ്ങൾ ഫലപ്രദമാക്കി. സെക്യൂരിറ്റി ചെക്കിങ്ങിൽ സമീപഭാവിയിൽ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിക്കാനും സിയാൽ പദ്ധതിയിടുന്നു. ഇതിലൂടെ ബോഡി -ഫ്രിസ്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇല്ലാതാക്കി, യാത്ര വേഗത്തിലാക്കാനാകും.


ഡിജിറ്റൈസേഷൻ, ആധുനിക സുരക്ഷാസംവിധാനങ്ങൾ തുടങ്ങി പുതിയ സംരംഭങ്ങളിലൂടെ യാത്ര സുഗമവും സുരക്ഷിതവും ആഗോള നിലവാരത്തിലുമാക്കുകയാണ് ലക്ഷ്യമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home