വർണാഭം, മനോഹരം ശിശുദിനാഘോഷം

ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച ശിശുദിന റാലിയിൽ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും പൂക്കളുടെയും വേഷമണിഞ്ഞ കുട്ടികൾ
കൊച്ചി
വർണാഭമായി ശിശുദിനമാഘോഷിച്ച് ജില്ല. ജില്ലാ ശിശുക്ഷേമസമിതി, വിദ്യാലയങ്ങൾ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശിശുദിനാഘോഷങ്ങൾ നടത്തി. ശിശുക്ഷേമ സമിതിയുടെ ശിശുദിനറാലി ദർബാർ ഹാൾ ഗ്രൗണ്ടിൽ കലക്ടർ ജി പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്‌തു. തുടർന്ന് ചിൽഡ്രൻസ് പാർക്കിൽ കുട്ടികളുടെ പ്രധാനമന്ത്രി ജൂവാൻ ജോബിൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് റോസ്‌മേരി ബിനോയ് അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കർ എൽ കാജൽ കുമാരി, ഇഷാനി പ്രമോദ്, കുമാരി സുമി സജി, അന്ന കെയ്ൻ എന്നിവർ സംസാരിച്ചു. ജഡ്‌ജി ഹണി എം വർഗീസ് ശിശുദിന സന്ദേശം നൽകി. റാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളുകളെ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎഎ അനുമോദിച്ചു.
ശിശുക്ഷേമസമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം യേശുദാസ് പറപ്പിള്ളി, ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് കെ എസ് അരുൺകുമാർ, സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, സനം പി തോപ്പിൽ, എം എ രശ്മി, ശ്രീ അരവിന്ദ് അശോക് കുമാർ, ശ്രീമതി സുധ പത്മൻ, വയലിൻ ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
സ്‌കേറ്റിങ്ങിൽ ജില്ലാതല മത്സരങ്ങളിൽ വിജയിച്ച കുട്ടികളെയും സ്‌കേറ്റിങ് പരിശീലകൻ സുധീറിനെയും അനുമോദിച്ചു. റാലിയിൽ കലൂർ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂൾ ഒന്നാംസ്ഥാനവും കലൂർ സെന്റ് ജോവാക്കിംസ് യുപി സ്കൂൾ രണ്ടാംസ്ഥാനവും വടുതല ഡോൺബോസ്കോ എൽപി സ്കൂൾ മൂന്നാംസ്ഥാനവും നേടി.
കണ്ണൻനായർ സ്മാരക സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ആഘോഷത്തിൽ പ്രഭാവതി മേനോൻ ശിശുദിന സന്ദേശം നൽകി. ചാച്ചാ നെഹ്‌റു അവ്യുക്ത് പ്രദീപ്, ശ്രേയ കെ ഷിബു, വൈഗാ ലക്ഷ്മി, അലക്സ് നിഷ നോബിൾ, സജ്ന നജീബ് എന്നിവർ സംസാരിച്ചു. കാർത്തികേയൻ പയ്യപ്പിള്ളി മാജിക് ഷോ അവതരിപ്പിച്ചു.









0 comments