നവജാതശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു

മരടിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് ഏറ്റെടുത്ത് സ്പെഷ്യൽ അഡോപ്ഷൻ ഏജൻസി പ്രതിനിധി സിസ്റ്റർ നയനയെ ഏൽപ്പിച്ചപ്പോൾ
കൊച്ചി
ഫോറം മാളിനുസമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. തുടർ സംരക്ഷണത്തിനായി കുഞ്ഞിനെ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയിലേക്ക് മാറ്റി. ജൂൺ 28ന് പുലര്‍ച്ചെ മരട് ഫോറം മാളിനുസമീപമുള്ള തട്ടുകടയോടുചേർന്നാണ് ഉപേക്ഷിച്ചനിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ മരട് പൊലീസാണ് കുഞ്ഞിനെ സുരക്ഷിതമായി എറണാകുളം ജനറൽ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞ് നിലവിൽ പൂർണ ആരോഗ്യവാനാണ്. സംഭവത്തില്‍ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മരട് പൊലീസിനോട് വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകി. റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനെയും ചുമതലപ്പെടുത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന കൈമാറ്റ ചടങ്ങിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പ്രൊട്ടക്‌ഷൻ ഓഫീസർമാരായ ഷാനോ ജോസ്, സ്റ്റേസി മാഞ്ഞൂരാൻ, എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ എന്‍ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.











0 comments