print edition നീറിപ്പുകഞ്ഞ് കോൺഗ്രസ്; ഗോവയിൽ ന്യൂനപക്ഷകാര്യ സമിതി പിരിച്ചുവിട്ടു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പഞ്ചാബിലും ഗോവയിലും സംഘടനാപ്രശ്നങ്ങളിൽ നീറിപ്പുകഞ്ഞ് കോൺഗ്രസ്. ഗോവ കോൺഗ്രസിന്റെ കീഴിലുള്ള ന്യൂനപക്ഷകാര്യ സമിതി പിരിച്ചുവിടുകയും ചെയർമാൻ വസിം ഖാനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ വിളിച്ചുചേർത്ത യോഗത്തിൽ, വസിംഖാൻ കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധനടപടികൾ തുറന്നുകാട്ടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. യോഗത്തിലേക്ക് സമിതിയംഗങ്ങളെ ക്ഷണിക്കാത്തതും വസിംഖാൻ ചോദ്യംചെയ്തു. ‘ന്യൂനപക്ഷത്തോട് ഇത്ര വെറുപ്പുണ്ടെങ്കിൽ കോൺഗ്രസിൽ എന്താണ് നടക്കുന്നത്?’ – എന്ന് വസിം ഖാൻ യോഗത്തിൽ പൊട്ടിത്തെറിച്ചു. ഇതേതുടർന്നാണ്, സസ്‌പെൻഷൻ.
പഞ്ചാബിൽ ബദൽയോഗം വിളിച്ച് ചന്നി
പഞ്ചാബിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്ങും മുൻമുഖ്യമന്ത്രി ചരൺജിത് ചന്നിയും തമ്മിലുള്ള പടലപിണക്കങ്ങളിൽ കോൺഗ്രസ് ആടിയുലയുകയാണ്. സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും അമരീന്ദർ സിങ് രാജാ വാറിങ്ങിനെ മാറ്റണമെന്ന ആവശ്യത്തിൽ ചന്നി വിഭാഗം ഉറച്ചുനിൽക്കുകയാണ്.
എഐസിസി ജനറൽസെക്രട്ടറി ഭൂപേഷ് ബാഗേൽ വിളിച്ച യോഗത്തിനുമുന്പ് മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം നേതാക്കൾ മൊഹാലിയിൽ ബദൽ യോഗം ചേർന്നു. നിരവധി എംപിമാരും എംഎൽഎമാരും പങ്കെടുത്തു. അതിന്റെ ഫോട്ടോകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ പടലപിണക്കങ്ങൾ പരസ്യമായി.
ചില്ലറപ്രശ്‌നങ്ങൾ മാത്രമേയുള്ളുവെന്ന് വരുത്തിത്തീർക്കാനാണ് അമരീന്ദർ സിങ് രാജാ വാറിങ്ങിന്റെ പരിശ്രമം. മധ്യപ്രദേശിൽ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും സംസ്ഥാന അധ്യക്ഷൻ ജിതുപട്വാരിയും തമ്മിലുള്ള കലഹങ്ങളും കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാണ്.











0 comments