print edition എത്തനോൾ കലർത്തിയ പെട്രോളിൽ ആശങ്ക; കൈമലർത്തി കേന്ദ്രം

ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനെതിരെ ഉയരുന്ന ആശങ്കയ്ക്ക് മറുപടിനൽകാതെ കേന്ദ്രസർക്കാർ. മൈലേജ് കുറയുമെന്നും എൻജിൻ ദ്രവിക്കുമെന്നും സർവേ ഫലങ്ങൾ പുറത്തുവന്നിട്ടും വിശദീകരണംനൽകാതെ ഒഴിഞ്ഞുമാറി.
2023ന് മുമ്പ് പുറത്തിറങ്ങിയ ഇ10, ഇ0 വാഹനങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്നാണ് കേന്ദ്രവാദം. പിന്നെന്തിനാണ് 2023 ഏപ്രിലിനുശേഷം നിർമിക്കുന്ന വാഹനങ്ങൾക്ക് ‘ഇ20 സർട്ടിഫിക്കേഷൻ’ നിർബന്ധമാക്കിയതെന്നും ചോദ്യമുയരുന്നു.
പഴയ വാഹനങ്ങളിലുള്ള റബ്ബർ സീലുകളും പ്ലാസ്റ്റിക് പൈപ്പുകളും വേഗത്തിൽ നശിപ്പിക്കാൻ എഥനോളിന് സാധിക്കും. 2023-ന് മുമ്പുള്ള 66 ശതമാനം വാഹനങ്ങളിൽ 10 ശതമാനത്തിലധികം മൈലേജ് കുറഞ്ഞതായും സർവേകൾ വ്യക്തമാക്കുന്നു.
ഇ20 ഇന്ധനത്തെ സംബന്ധിച്ച 2021-ലെ നിതി ആയോഗ് റിപ്പോർട്ടിന്റെ ഭാഗമായി വാഹന നിർമാതാക്കളുടെ സംഘടനയായ ‘സിയാം’(എസ്‌ഐഎഎം) ഉന്നയിച്ച നിർദേശങ്ങൾ വീണ്ടും ചർച്ചയായി. ‘ഇ20 പെട്രോളിനൊപ്പം ഇ10 ഉം സമാന്തരമായി വിതരണംചെയ്യണം. ഭൂരിഭാഗം വാഹനങ്ങളും ഇ10 ഇന്ധനത്തിനനുയോജ്യമായി രൂപകൽപനചെയ്തതാണ്.
ഉയർന്ന അളവിൽ എഥനോളുപയോഗിച്ചാൽ ഇന്ധനച്ചോർച്ചയ്ക്കും എൻജിൻ ദ്രവിക്കാനും കാരണമാകും. ഇ20 കാരണം ബൈക്കുകൾക്ക് 3-4 ശതമാനവും കാറുകൾക്ക് 6-7 ശതമാനവും മൈലേജ് കുറയും’ – സിയാം ചൂണ്ടിക്കാട്ടിയിരുന്നു.
പെട്രോളിനേക്കാൾ വിലകുറഞ്ഞ എഥനോൾ ചേർക്കുമ്പോൾ എന്തുകൊണ്ട് പെട്രോളിന് വിലകുറയുന്നില്ലെന്ന ചോദ്യവും വ്യാപകം. ബ്രസീലിൽ എഥനോൾ കലർത്തിയ ഇന്ധനത്തിന് വിലക്കുറവുണ്ട്. ഒരു ലിറ്റർ എഥനോൾ കരിമ്പിൽനിന്ന് നിർമിക്കാൻ 3,000 ലിറ്റർ വെള്ളവും നെല്ലിൽനിന്ന് നിർമിക്കാൻ 10,000 ലിറ്റർ വെള്ളവും വേണം.
ഇൗ പ്രതിസന്ധിയെയും സർക്കാർ ഗൗനിക്കുന്നില്ല. എഥനോളിന് അന്തരീക്ഷ ഈർപ്പം വേഗത്തിൽ വലിച്ചെടുക്കുന്ന സ്വഭാവമുണ്ട്. ഇതിലൂടെ പെട്രോളിൽനിന്ന് എഥനോളും വെള്ളവും വേർതിരിഞ്ഞ് എണ്ണടാങ്കിൽ കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്.











0 comments