print edition എൻടിഎ ആസ്ഥാനത്തേക്ക് മാർച്ച്; എസ്‌എഫ്‌ഐ പ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ്

ഡൽഹിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ
ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ചയ്‌ക്കുപിന്നാലെ യുജിസി നെറ്റ് പരീക്ഷയിലും ഗുരുതരവീഴ്‌ച വരുത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്ന ആവശ്യവുമായി എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനുനേരെ അക്രമമഴിച്ചുവിട്ട് ഡൽഹി പൊലീസും അർധസൈനിക വിഭാഗങ്ങളും. എൻടിഎ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് തടഞ്ഞ് വിദ്യാർഥികളെ വലിച്ചിഴച്ച് അറസ്റ്റുചെയ്തു. നിരവധിപേർക്ക് പരിക്കേറ്റു.
സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ, ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമ, വൈസ് പ്രസിഡന്റ് ആരിഫ് സിദ്ദിഖി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എൻടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുള്ള നിവേദനം സമർപ്പിക്കാൻം പ്രതിനിധികളെ എൻടിഎ ആസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചില്ല.
ഉദ്യോഗസ്ഥരുമായി ചർച്ചയ്‌ക്കുള്ള അവസരമൊരുക്കാമെന്ന വാഗ്‌ദാനവും പാലിച്ചില്ല. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പ്രതിഷേധം തുടരുമെന്ന് അറിയിച്ചതോടെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. പെൺകുട്ടികൾക്കുൾപ്പെടെ പരിക്കേറ്റു. പൊലീസ് അടിച്ചമർത്തലിലൂടെ വിദ്യാർഥി ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം, നീതിക്കു വേണ്ടിയുള്ള സമരത്തെ തളർത്തില്ലെന്ന് എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ നിരന്തരം വിമർശമുന്നയിക്കുന്ന എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ ഇൻസ്റ്റഗ്രാം പേജിന് ഞായറാഴ്ച മെറ്റ പൂട്ടിട്ടിരുന്നു. നീറ്റ് വിഷയങ്ങളിലുൾപ്പെടെയുള്ള പ്രതിഷേധങ്ങളും ദൃശ്യങ്ങളും അക്കൗണ്ടിലുണ്ടായിരുന്നു. അപ്പീൽ നൽകിയിട്ടും അക്കൗണ്ട് തിരിച്ചുകിട്ടിയിട്ടില്ല.











0 comments