ad
Deshabhimani

റിഹാനയുടെ മരണം

ബാലാവകാശ കമീഷൻ കേസെടുത്തു

Child Rights Commission

ഏഴാംക്ലാസുകാരി റിഹാന മരിച്ച മാവേലിപുരത്ത്‌ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ കെ വി മനോജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 02:54 AM | 1 min read

കാക്കനാട്


മാവേലിപുരത്ത് സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽനിന്ന് 30 അടി താഴേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർഥിനി റിഹാന മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കമീഷൻ ചെയർമാൻ കെ വി മനോജ്‌കുമാർ തിങ്കളാഴ്ച അപകടസ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.


സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്, തൃക്കാക്കര നഗരസഭ, പൊതുമരാമത്ത് വകുപ്പ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ നിർദേശിച്ചു. ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച ചെയർമാൻ, നാട്ടുകാരുടെ പരാതികളും കേട്ടു.


ഇത്രയും ഗുരുതര അപകടസാധ്യതയുള്ള സ്ഥലം ഇതുവരെ അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. അപകടം നടന്ന ഭാഗത്ത് അടിയന്തര സുരക്ഷാനടപടി സ്വീകരിച്ചതായും സംരക്ഷണവേലി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായും നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി എസ് ഷിജു കമീഷനെ അറിയിച്ചു. റിഹാന വീണ ഭാഗവും റോഡും തറനിരപ്പും തമ്മിലുള്ള ഉയരവ്യത്യാസവും പരിശോധിച്ചു.


ബാലാവകാശ കമീഷൻ അംഗം കെ കെ ഷാജു, പൊലീസ് ഇൻസ്പെക്ടർ പി എം വിമോദ്, എസ്ഐ പി സഫൽ മജീദ് എന്നിവരും സ്ഥലത്തെത്തി. തുടർന്ന് കമീഷൻ സംഘം റിഹാനയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. അപകടം നടന്ന റോഡിൽ ഇരുമ്പുസംരക്ഷണവേലി സ്ഥാപിക്കുന്ന പ്രവൃത്തി 90 ശതമാനം പൂർത്തിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home