ഒരു നുണ മറയ്‌ക്കാൻ മുഖ്യമന്ത്രി ആയിരം നുണ പറയുന്നു: പി രാജീവ്

കൊച്ചി
ഒരു നുണ മറയ്ക്കാൻ ആയിരം നുണ പറയുന്ന രീതിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എംഡിഎംഎയുമായി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ 2023-ല്‍ പരിചയപ്പെട്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവും വി ഡി സതീശനും തമ്മിലുള്ള, 2021 മുതലുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു. അഞ്ചുവർഷമായി സതീശന്റെ സമൂഹമാധ്യമ ടീം അംഗമാണെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളുമുണ്ട്. മുഖ്യമന്ത്രിയുടെ നുണ പ്രതികളെ രക്ഷപ്പെടുത്താനുള്ള സന്ദേശമായി മാറുമോയെന്ന് സംശയിക്കേണ്ടതുണ്ട്–രാജീവ് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് ലഹരി, ഗുണ്ടാ സംഘങ്ങളുമായി അടുത്തബന്ധം: എസ് സതീഷ്
കൊച്ചി
മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങളുമായി ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾക്ക് അടുത്ത ബന്ധമുള്ളതായി സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ്. എംഡിഎംഎ കേസിൽ അറസ്‌റ്റിലായ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം മുഖ്യമന്ത്രിക്കും ഡിസിസി നേതൃത്വത്തിനും നേരത്തേയറിയാം. വ്യാഴാഴ്‌ച മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതെല്ലാം കളവാണ്. നവകേരളയാത്രയുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ കുറുപ്പംപടിയിൽ പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാർജോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല.
മുഹമ്മദ് ഹുസൈന് മർദനമേൽക്കുകയോ ആശുപത്രിയിൽ തിരുമ്മലിന് പോകുകയോ ചെയ്‌തട്ടില്ല. നവകേരളയാത്ര നടന്നത് 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ്.
പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ട് പരിശോധിച്ചാൽ 2021 മുതൽ നിരവധിതവണ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മുഹമ്മദ് ഹുസൈനും പരസ്പരം കണ്ടിട്ടുള്ളതിന്റെയും വീട്ടിൽ വന്നുപോകുന്നതിന്റെയും തെളിവുകളുണ്ട്. നുണകൾ പറഞ്ഞ് വിഷയത്തെ വഴിതിരിച്ചുവിടാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേസ് അട്ടിമറിക്കാൻ മെറ്റയെ ഉപയോഗിച്ച് വാർത്തകൾ നീക്കം ചെയ്യുകയാണ്–സതീഷ് പ്രസ്‌താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് ഇന്ന്
പറവൂർ
‘മുഖ്യമന്ത്രി ലഹരിമാഫിയാ സംഘങ്ങളുടെ തലവനോ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുടെ പറവൂരിലെ വസതിയിലേക്ക് പ്രതിഷേധമാർച്ച് നടത്തും. മയക്കുമരുന്നുമായി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ ഉൾപ്പെടെ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന മാർച്ച് പകൽ മൂന്നിന് കെഎംകെ കവലയിൽനിന്ന് തുടങ്ങും. സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും.










0 comments