ചെല്ലാനത്തിന് കാവലായ ടെട്രാപോഡ് കോട്ട

കൊച്ചി
തീരമാകെ വിഴുങ്ങുന്ന കടലാക്രമണത്തിൽ വിറങ്ങലിച്ച നാളുകൾ ഇപ്പോൾ ചെല്ലാനംകാർക്ക് പഴങ്കഥ. പൊന്നാപുരം കോട്ടപോലെ ഏഴുകിലോമീറ്ററിലേറെ നീളത്തിൽ ചെല്ലാനം തീരത്തുയർന്ന ടെട്രാപോഡ് കടൽഭിത്തിക്കപ്പുറത്ത് ഇപ്പോൾ കടൽ തോറ്റു പിൻവാങ്ങുന്നു. പഴയതുപോലെ തീരത്തേക്ക് തള്ളിക്കയറി തീരവാസികളുടെ വീടും സമ്പാദ്യവും കടലെടുക്കുന്നില്ല. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ തീരസംരക്ഷണ നടപടികളാണ് ചെല്ലാനത്തിന്റെ നിത്യദുഃഖത്തിന് പരിഹാരം കണ്ട് തീരം ശാന്തമായുറങ്ങാൻ അവസരമൊരുക്കിയത്.
ഒന്നാം പിണറായി സർക്കാരിന്റെ ആദ്യമന്ത്രിസഭ യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമിക്കാൻ തീരുമാനിച്ചത്. പത്ത് കിലോമീറ്ററിൽ ടെട്രാപോഡും രണ്ടു ഭാഗങ്ങളിൽ പുലിമുട്ടും നിർമിക്കാനായിരുന്നു പദ്ധതി. നിർമാണച്ചെലവിൽ വന്ന വ്യത്യാസവും ഐഐടി റിപ്പോർട്ടും അടിസ്ഥാനമാക്കി 347 കോടി രൂപ ചെലവിൽ 7.3 കിലോമീറ്റർ ദൂരം കടൽഭിത്തി പൂർത്തിയാക്കി. 8.15 ലക്ഷം ടൺ കരിങ്കല്ലും 1.20 ലക്ഷം ടെട്രാപോഡും ഉപയോഗിച്ചു. ഇതോടൊപ്പം പുലിമുട്ടും തീരദേശ നടപ്പാതയും നിർമിച്ചു.
2020 ജൂണിൽ കടലേറ്റം ചെല്ലാനത്തെ മുഴുവൻ വീടുകളിലും നാശം വിതച്ചിരുന്നു. പുത്തൻതോട്, കണ്ടക്കടവ്, ചാളക്കടവ്, മറുവക്കാട്, വേളാങ്കണ്ണി, ബസാർ, മാലാഖപ്പടി, കമ്പനിപ്പടി, ഗൊണ്ടുപറമ്പ്, വാച്ചാക്കൽ കടപ്പുറം, ആലുങ്കൽ കടപ്പുറം എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. അതിവേഗത്തിലായിരുന്നു നിർമാണം. ശേഷം വന്ന കാലവർഷങ്ങളിലൊന്നും ചെല്ലാനം തീരം കടലെടുത്തില്ല. കടലാക്രമണത്തെ ഭയക്കാതെ തീരദേശവാസികൾ സ്വസ്ഥമായി വീട്ടിൽ അന്തിയുറങ്ങി. മുഖ്യമന്ത്രിക്കും മന്ത്രിമാരായ പി രാജീവിനും സജി ചെറിയാനും കെ ജെ മാക്‌സി എംഎൽഎയ്‌ക്കും അവർ നന്ദി പറഞ്ഞു. ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി നിർമിക്കാത്ത ഭാഗത്തെ തീരസംരക്ഷണംകൂടി ഉറപ്പുവരുത്താനാണ് പ്രത്യേക പരിഗണനയോടെ രണ്ടാംഘട്ടത്തിനിപ്പോൾ സർക്കാർ അനുമതി നൽകിയത്.









0 comments