കണ്ണമാലിയിലും ടെട്രാപോഡ് കടൽഭിത്തി ; 306 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി

തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി രാജീവ്, കെ ജെ മാക്സി എംഎൽഎ, കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി എന്നിവർ
കൊച്ചി
കടലാക്രമണം നേരിടുന്ന തീരജനതയുടെ കണ്ണീരൊപ്പാൻ കണ്ണമാലിയിലും ഉയരുന്നു കരുതലിന്റെ ടെട്രാപോഡ് കടൽഭിത്തി. 306 കോടിയുടെ രണ്ടാംഘട്ട പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ബുധനാഴ്‌ച അംഗീകാരം നൽകിയത്.
ചെല്ലാനത്ത് നേരത്തേ 347 കോടി രൂപ ചെലവിൽ 7.3 കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തി നിർമിച്ചിരുന്നു. ശേഷിക്കുന്ന 3.6 കിലോമീറ്റർകൂടി കടൽഭിത്തി നിർമിക്കാനാണ് തിരുവനന്തപുരത്തുചേർന്ന മന്ത്രിതലയോഗ തീരുമാനം. പുതുക്കിയ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി ഉടൻ നൽകും.
കണ്ണമാലിമുതൽ ചെറിയകടവുവരെയുള്ള കടൽതീരത്താണ് ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുന്നത്. ഒമ്പത് പുലിമുട്ടുകൾ നിർമിച്ച് കൂടുതൽ സംരക്ഷണമൊരുക്കും. ജലസേചനവകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ 10 ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.
യോഗത്തിൽ വ്യവസായമന്ത്രി പി രാജീവ്, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കെ ജെ മാക്സി എംഎൽഎ, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഭരണാനുമതി ഈയാഴ്ച: മന്ത്രി പി രാജീവ്
പദ്ധതിക്ക് പുതുക്കിയ ഭരണാനുമതി ഈയാഴ്‌ചതന്നെ നൽകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 306 കോടിയുടെ വിശദപദ്ധതിരേഖ (ഡിപിആർ) തയ്യറായി. ഡിപിആറുള്ളതിനാൽ ഭരണാനുമതി പുതുക്കി നൽകിയാൽ മതിയാകും. ശരാശരി നൂറ് കോടി രൂപയാണ് ഒരു കിലോമീറ്റർ തീരസംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. തീരസംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നയാപൈസ ചെലവഴിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ പ്രതിബദ്ധത. ചെല്ലാനത്തിന്റെ ദുരിതത്തിന് പരിഹാരം കണ്ടത് എൽഡിഎഫ് സർക്കാരാണ്. രണ്ടാംഘട്ട പദ്ധതിക്ക് അനുമതി നൽകാൻ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും നന്ദി–-മന്ത്രി പറഞ്ഞു.
അതിവേഗം തുടർനടപടി: കെ ജെ മാക്സി എംഎൽഎ
ടെട്രാപോഡ് കടൽഭിത്തി നിർമാണം പൂർത്തിയാക്കാൻ അതിവേഗം തുടർനടപടികൾ സ്വീകരിക്കുമെന്ന് കെ ജെ മാക്സി എംഎൽഎ പറഞ്ഞു. സമയബന്ധിതമായി പദ്ധതി യാഥാർഥ്യമാക്കും. തീരദേശജനതയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെയും കരുതലിന്റെയും ഏറ്റവും വലിയ അടയളാണ് ടെട്രാപോഡ് കടൽഭിത്തി–-എംഎൽഎ പറഞ്ഞു.
മനസ്സറിയുന്ന സർക്കാർ
മത്സ്യത്തൊഴിലാളികളുടെ മനം അറിയുന്ന സർക്കാരാണിത്. അതുകൊണ്ടാണ് കടലാക്രമണം കാരണം നട്ടംതിരിയുന്ന ഞങ്ങളെ സംരക്ഷിക്കാൻ ഒരു പഞ്ചായത്തിൽ മാത്രമായി ഇത്രയും വലിയ തുക അനുവദിച്ചത്. കഴിഞ്ഞദിവസത്തെ കടലാക്രമണത്തിൽ വീടിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങി. വീട്ടിലുണ്ടായതെല്ലാം നശിച്ചു. ടെട്രാപോഡ് കടൽഭിത്തി വരുന്നതോടെ ഇനി ഇതൊന്നും സംഭവിക്കില്ല–- (ആറാട്ടുകുളങ്ങര കുഞ്ഞുമോൻ, മത്സ്യത്തൊഴിലാളി)









0 comments