Deshabhimani

ചന്ദർകുഞ്ജ്‌ ആർമി ടവർ പൊളിക്കൽ

പരിഹാരമാകാതെ എ ടവറിലെ ആശങ്ക; നടപടികൾ ഇഴയുന്നു

Chandarkunj Flat

ഉയരം കൂടിയ ഇരട്ട ടവറിനുസമീപം കാണുന്നത്‌ 14 നിലകളുള്ള 
എ ടവർ

avatar
സ്വന്തം ലേഖകൻ

Published on Nov 18, 2026, 01:28 AM | 1 min read

കൊച്ചി

നിർമാണപ്പിഴവുമൂലം തകർന്ന വൈറ്റില സിൽവർസാൻഡ്‌ ഐലൻഡിലെ ചന്ദർകുഞ്ജ്‌ ഇരട്ട ആർമി ടവർ പൊളിച്ചുനീക്കാനുള്ള നടപടികൾ ഇഴയുന്നു. തകരാറിലായ ബി, സി ടവറുകൾക്ക്‌ സമീപത്തെ കേടുപാടില്ലാത്ത എ ടവറിലെ താമസക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ വൈകുന്നതാണ്‌ പുതിയ കടന്പ. ഇരട്ടടവർ പൊളിക്കുന്പോൾ 14 നിലകളുള്ള എ ടവറിലെ 56 കുടുംബങ്ങൾക്കുണ്ടാകാനിടയുള്ള പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ഫ്ലാറ്റ് ഉടമകളുടെ സംഘടനയായ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പരാതി നൽകിയിരുന്നു.


കലക്ടർ അധ്യക്ഷയായി രൂപീകരിച്ച ടവർ പൊളിക്കലിനുള്ള മേൽനോട്ടസമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നതിനാൽ ഹൈക്കോടതി നിർദേശവും ലംഘിക്കപ്പെട്ടിരിക്കുകയാണ്‌. പൊളിക്കാൻ കരാറെടുത്ത എഡിഫൈസ്‌ എൻജിനീയറിങ്ങിന്‌ രണ്ടാഴ്‌ചയ്‌ക്കകം ടവറുകൾ കൈമാറണമെന്ന്‌ കഴിഞ്ഞമാസം 31ന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ഇരട്ടടവറിലെ അപ്പാർട്ട്‌മെന്റുകളുടെ താക്കോൽ റസിഡന്റ്‌സ്‌ അസോസിയേഷൻ കൈമാറിയിട്ടില്ല. എ ടവറിലെ താമസക്കാരുടെ ആശങ്ക പരിഹരിക്കാതെ താക്കോൽ കൈമാറാനാകില്ലെന്നാണ്‌ നിലപാട്‌.


ആർമി വെൽഫെയർ ഹ‍ൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്‌ഒ) താക്കോൽ വാങ്ങി എഡിഫൈസിന്‌ കൈമാറിയാൽമാത്രമേ കരാർ ഒപ്പിടാനും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികൾ തുടങ്ങാനുമാകൂ. ഇരട്ടടവർ പൊളിക്കൽ, അവശിഷ്‌ടംനീക്കൽ, പുനർനിർമാണം എന്നിവയുടെയെല്ലാം ഭാഗമായി എ ടവറിലെ താമസക്കാർക്കാണ്‌ ബുദ്ധിമുട്ടുണ്ടാകുക. ഇരട്ടടവറിലെ ബി ടവറിൽനിന്ന്‌ 45 മീറ്റർ അകലംമാത്രമാണ്‌ എ ടവറിലേക്കുള്ളത്‌. സ്വീവേജ്‌ പ്ലാന്റ്‌, ജനറേറ്റർ, ഫയർപന്പ്‌ എന്നിവ മൂന്ന്‌ ടവറുകൾക്കുംകൂടി ഒരെണ്ണമാണുള്ളത്‌.


ഇരട്ടടവർ ഇല്ലാതാകുന്പോൾ എ ടവറിനുമാത്രമായി അവയെല്ലാം ക്രമീകരിക്കണം. എ ടവറിന്‌ ബുദ്ധിമുട്ടില്ലാത്തവിധം വാഹനങ്ങൾക്ക്‌ വരാനും പോകാനുമുള്ള സ‍ൗകര്യമൊരുക്കണം തുടങ്ങിയ കാര്യങ്ങളാണ്‌ റസിഡന്റ്‌സ്‌ അസോസിയേഷൻ ഉന്നയിച്ചിട്ടുള്ളത്‌. ഇക്കാര്യങ്ങൾ നേരത്തേ തത്വത്തിൽ ധാരണയായിട്ടുണ്ടെങ്കിലും വിശദാംശങ്ങളോടെ വ്യവസ്ഥ ചെയ്യണമെന്നാണ്‌ ആവശ്യമെന്ന്‌ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്‌ സജി തോമസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home