Deshabhimani

താക്കോൽ കൈമാറൽ 5ന്‌

ചന്ദർകുഞ്ജ്‌ ഇരട്ടടവർ 
4 മാസത്തിനകം പൊളിക്കും

Chandarkunj
avatar
സ്വന്തം ലേഖകൻ

Published on Oct 03, 2026, 03:42 AM | 1 min read

കൊച്ചി


നിർമാണപ്പിഴവുമൂലം തകർന്ന വൈറ്റില സിൽവർ സാൻഡ്‌ ഐലൻഡിലെ ചന്ദർകുഞ്ജ്‌ ഇരട്ടടവർ പൊളിച്ചുനീക്കാനുള്ള നടപടികൾക്ക്‌ തിങ്കളാഴ്‌ച തുടക്കമാകും. ടവറുകളിലെ 208 അപ്പാർട്ട്‌മെന്റുകൾ ഉടമകളിൽനിന്ന്‌ ഏറ്റെടുക്കുന്ന നടപടിയാണ്‌ തിങ്കളാഴ്‌ച തുടങ്ങുക. ടവറുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാൻ കരാർ നേടിയ മുംബൈ ആസ്ഥാനമായ എഡിഫൈസ്‌ എൻജിനീയറിങ് കന്പനിയുമായുള്ള കരാറും അടുത്തയാഴ്‌ചയോടെ ഒപ്പിടും. ടവറുകൾ പൊളിച്ച്‌ പുനർനിർമിക്കാൻ ഹൈക്കോടതി ചുമതലപ്പെടുത്തിയ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ്‌ തീരുമാനങ്ങളുണ്ടായത്‌.


​ടവറുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള കരാർ എഡിഫൈസ്‌ എൻജിനീയറിങ്ങിന്‌ നൽകാൻ തീരുമാനിച്ചതിനെ ചോദ്യംചെയ്‌ത്‌ ചെന്നൈയിലെ സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചത്‌ പ്രവർത്തനങ്ങൾക്ക്‌ തടസ്സമായിരുന്നു. ഹർജി ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെയാണ്‌ തുടർനടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞദിവസം കലക്ടർ അധ്യക്ഷയായ സമിതി യോഗം ചേർന്നത്‌.


ടവറുകൾ പൊളിച്ച്‌ പുതിയത്‌ നിർമിക്കാൻ ചുമതലയുള്ള ആർമി വെൽഫെയർ ഹ‍ൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്‌ഒ) അധികൃതർക്ക്‌ കണയന്നൂർ തഹസിൽദാരുടെ സാന്നിധ്യത്തിലാണ്‌ താക്കോൽ കൈമാറുക. അപ്പാർട്ട്‌മെന്റുകൾ എല്ലാം ഏറ്റെടുത്തശേഷം അടുത്തയാഴ്‌ചയോടെ ഫോർട്ട്‌കൊച്ചി ആർഡിഒ എഡിഫൈസുമായി കരാർ ഒപ്പിടും. തുടർന്ന്‌ ടവറുകൾ പൊളിക്കാനായി എഡിഫൈസിന്‌ കൈമാറും. ഫെബ്രുവരിയോടെ പൊളിക്കൽ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.


എഡിഫൈസുമായുള്ള കരാർ ഒപ്പിടുകയോ കരാർപ്രകാരമുള്ള പണം അവർക്ക്‌ നൽകുകയോ ചെയ്യണമെന്ന്‌ കലക്ടറുടെ സമിതി എഡബ്ല്യുഎച്ച്‌ഒയോട്‌ ആവശ്യപ്പെട്ടിരുന്നു. കരാറൊപ്പിടാൻ തയ്യാറല്ലെന്നറിയിച്ച അവർ കരാർ തുകയായ 9.60 കോടി രൂപ എഡിഫൈസിന്‌ നൽകാൻ തയ്യാറായിട്ടുണ്ട്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ കലക്ടറുടെ സമിതി എഡിഫെൈസുമായി കരാറിലെത്തുന്നത്‌.

നിർമാണത്തകരാർമൂലം താമസയോഗ്യമല്ലാതായ ടവറുകൾ പൊളിച്ചുനീക്കി പുതിയത്‌ നിർമിക്കാൻ 2025 ഫെബ്രുവരിയിലാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. 208 അപ്പാർട്ട്‌മെന്റുകളിൽ 158 എണ്ണത്തിലാണ്‌ താമസക്കാരുണ്ടായിരുന്നത്‌. അവരെ വാടക നൽകി മറ്റിടങ്ങളിലേക്ക്‌ മാറ്റി. 175 കോടി രൂപയാണ്‌ പുതിയ ടവറുകൾ നിർമിക്കാൻ ചെലവ്‌ കണക്കാക്കിയിട്ടുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home