ad
Deshabhimani

കൺമുന്നിൽ തിമിംഗിലം, 
ബൈനോക്കുലറിൽ നോക്കിയാൽ ആമ

Central Marine Fisheries Research Institute (cmfri)
വെബ് ഡെസ്ക്

Published on Feb 04, 2026, 03:58 AM | 1 min read


കൊച്ചി

‘ദേ നോക്കിയേ തിമിംഗിലം’ സിഎംഎഫ്ആർഐയിൽ എത്തിയ സ്‌കൂൾ വിദ്യാർഥികളുടെ കണ്ണുകളിൽ അത്ഭുതം. തിമിംഗിലത്തിന്റെ അസ്ഥികൂടം ആദ്യമായി കണ്ട ആഹ്ലാദത്തിലായിരുന്നു കൊച്ചുകൂട്ടുകാർ. ആഴക്കടൽ കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി സിഎംഎഫ്ആർഐയിൽ നടന്ന ‘ഓപ്പൺ ഹൗസ്’ പ്രദർശനത്തിലായിരുന്നു മറൈൻ മെഗാഫോണ മ്യൂസിയത്തിൽ അസ്ഥികൂടം പ്രദർശിപ്പിച്ചത്‌. സിഎംഎഫ്ആർഐ 79–ാം സ്ഥാപിതദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദർശനം.


​2023ൽ കോഴിക്കോട്‌ വെള്ളയിൽ ബീച്ചിലടിഞ്ഞ ബ്രൈഡ്‌സ്‌ വെയിൽ വിഭാഗത്തിൽപ്പെട്ട തിമിംഗിലത്തിന്റേതാണ്‌ അസ്ഥികൂടം. കുഴിച്ചിട്ടിരുന്ന അസ്ഥികൂടം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പുറത്തെടുത്തു. പതിനാല്‌ മീറ്റർ നീളമുള്ള അസ്ഥികൂടത്തിന്റെ പൊട്ടിയ ഭാഗങ്ങൾ വൈൽഡ്‌ ലൈഫ്‌ ആർടിസ്‌റ്റ്‌ ജിജി സാമിന്റെ സഹായത്തോടെ നിർമിച്ചു. അഞ്ച്‌ മാസത്തെ ശാസ്‌ത്രീയ പഠനത്തിനും രണ്ടു മാസത്തെ നിർമാണത്തിനും ശേഷമാണ്‌ അസ്ഥികൂടം സ്ഥാപിച്ചത്‌.


തിമിംഗിലത്തിന്റെ ചിറകുകളുടെ ഘടന മനുഷ്യന്റെ കൈയുമായി സാമ്യമുള്ളതാണെന്ന്‌ സിഎംഎഫ്‌ആർഐയിലെ ശാസ്‌ത്രജ്‌ഞൻ രതീഷ്‌ രവീന്ദ്രൻ പറയുന്നു. കരയിൽ ഭക്ഷണം കുറഞ്ഞപ്പോൾ കടലിലിറങ്ങിയ സസ്‌തിനികൾ പിന്നീട്‌ പരിണാമം സംഭവിച്ച്‌ തിമിംഗിലമായതാണെന്നും പരിണാമസിദ്ധാന്തം പറയുന്നതായി രതീഷ്‌.


തിമംഗിലം, ഡോൾഫിൻ തുടങ്ങിയ കടൽസസ്തനികളെക്കുറിച്ചുള്ള പ്രത്യേക പവിലിയനുകളും ഏറെ ശ്രദ്ധയാകർഷിച്ചു. കടലിലൂടെ സഞ്ചരിക്കുന്പോൾ 10 കിലോമീറ്റർവരെ അകലെയുള്ള കടൽസസ്‌തിനികളെ വ്യക്തമായി കാണാൻ സഹായിക്കുന്ന ബിഗ്‌ ഐ ബൈനോക്കുലർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്‌. പ്രദർശനത്തിനെത്തിയവർക്ക്‌ ഇ‍ൗ ബൈനോക്കുലറിലൂടെ നോക്കാനും അവസരം ലഭിച്ചു. സിഎംഎഫ്‌ആർഐ വളപ്പിൽ വച്ചിരുന്ന ആമയുടെ മാതൃകയാണ്‌ ഇതിലൂടെ നോക്കിയാൽ അടുത്തു കാണാനാകുക.


ലോകത്തിലെ ഏറ്റവും ചെറിയ കടലാമയും അന്റാർട്ടിക്കയിൽനിന്ന്‌ കൊണ്ടുവന്ന പെൻഗ്വിനും മ്യൂസിയത്തിലുണ്ട്‌. തിമിംഗിലത്തിന്റെ പുറത്ത്‌ പറ്റിപ്പിടിച്ചിരിക്കുന്ന കല്ലുമ്മക്കായപോലെയുള്ള ഗൂസ്‌നെക്ക്‌ ബർണാക്കിൾസും അന്റാർട്ടിക്കയിൽനിന്ന്‌ എത്തിച്ചതാണ്‌. ലോകത്തിലെ ഏറ്റവും നീളമുള്ള മത്സ്യങ്ങളിലൊന്നായ ഓർ ക‍ൗതുകക്കാഴ്‌ചയായി.


നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യനോഗ്രഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ദുവ്വൂരി ശേഷാഗിരി പ്രദർശനം ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home