പെരുമാനിയിൽ പ്ലാസ്റ്റിക് മാലിന്യഗോഡൗണിന് തീപിടിച്ചു

പെരുമാനിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്ന ഗോഡൗണിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന അണയ്‌ക്കുന്നു
കോലഞ്ചേരി / പെരുമ്പാവൂർ
അറക്കപ്പടി പെരുമാനിയിൽ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന അനധികൃത ഗോഡൗണിന് തീപിടിച്ചു. തിങ്കൾ രാവിലെ പത്തിനായിരുന്നു അപകടം. തീപിടിച്ച് ചില്ലുകുപ്പികൾ പൊട്ടിത്തെറിച്ചതിനാൽ അണയ്‌ക്കാൻ താമസം നേരിട്ടു.
പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിൽ പട്ടിമറ്റം, പെരുമ്പാവൂർ, കോതമംഗലം, ആലുവ, തൃപ്പൂണിത്തുറ, തൃക്കാക്കര, ഗാന്ധിനഗർ നിലയങ്ങളിൽനിന്ന് 10 യൂണിറ്റ് വാഹനങ്ങളും 60 അംഗ സേനാംഗങ്ങളും മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്.
ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തി അന്തരീക്ഷം മുഴുവൻ കറുത്ത പുകയും ദുർഗന്ധവും പരന്നു. പ്രദേശവാസികൾക്ക് ശ്വാസംമുട്ടലും ശാരീരിക അസ്വസ്ഥതകളും ഉണ്ടായി. സമീപത്തുള്ള പെരുമാനി ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യംമൂലം അവധി നൽകി. ചൊവ്വാഴ്ചയും വിദ്യാലയത്തിന് അവധി നൽകിയിട്ടുണ്ട്.








0 comments