Deshabhimani

print edition പൊലീസ്‌ രാജിനെതിരെ പ്രതിപക്ഷം

V Joy

പൊലീസ് ലാത്തിച്ചാർജിൽ പൊട്ടിയ ലാത്തി 
വി ജോയി നിയമസഭയിൽ പ്രദർശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 02:13 AM | 1 min read

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിലെ വിദ്യാർഥികൾക്കെതിരെ തീപ്പന്തമെറിഞ്ഞ്‌ യൂത്ത്‌ കോൺഗ്രസുകാരും തുടർന്ന്‌ പൊലീസും നടത്തിയ ക്രൂരവേട്ട നിയമസഭയിൽ തുറന്നുക്കാട്ടി പ്രതിപക്ഷം. കായികമന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന്റെ മറവിൽ ഹോസ്‌റ്റലിനുനേരെ ആസൂത്രിതമായാണ്‌ ആക്രമണമുണ്ടായതെന്ന്‌ അടിയന്തരപ്രമേയത്തിന്‌ അനുമതി തേടി സംസാരിച്ച വി ജോയി പറഞ്ഞു. പൊലീസ് ലാത്തിച്ചാർജിൽ പൊട്ടിയ ലാത്തിയും സഭയിൽ പ്രദർശിപ്പിച്ചു. അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ സഭയിൽനിന്ന്‌ വാക്ക‍ൗട്ട്‌ നടത്തി.


വി ജോയി, കെ രാജൻ, പി കെ പ്രവീൺ എന്നിവരാണ്‌ പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌. അക്രമങ്ങളെയോ അക്രമികളെയോ തള്ളിപ്പറയാൻ മറുപടിയിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല തയ്യാറായില്ല. യൂത്ത്‌ കോൺഗ്രസും എസ്‌എഫ്‌ഐയുമായുള്ള സംഘർഷമായിരുന്നെന്നും ഇരു പക്ഷത്തുമായി 75 വീതം പേർക്കെതിരെ കേസെടുത്തെന്നും മന്ത്രി പറഞ്ഞു.


ഹോസ്‌റ്റലിന്‌ മുന്നിൽനിന്ന്‌ പ്രകടനം തുടങ്ങുന്ന പതിവില്ലാതിരിക്കെ മന്ത്രിയുടെ നേതൃത്വത്തിൽ അവിടെനിന്നു പ്രകടനം തുടങ്ങിയത്‌ ബോധപൂർവമായിരുന്നു. പാളയം രക്തസാക്ഷി മണ്ഡപം കേന്ദ്രീകരിച്ച്‌ തുടങ്ങാൻ തീരുമാനിച്ച മാർച്ച്‌ ഹോസ്‌റ്റലിന്‌ മുന്നിലേക്ക്‌ മാറ്റിയത്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റായ മന്ത്രിയുടെ താൽപ്പര്യത്തിലാണ്‌. ചാനലുകൾ നൽകിയ തത്സമയ വാർത്താദൃശ്യങ്ങൾ പരിശോധിച്ചാൽ അരയിൽ കരുതിയ കുപ്പിയെറിഞ്ഞത്‌ ആരെന്ന്‌ വ്യക്തമാകുമെന്നും ജോയി പറഞ്ഞു. വിദ്യാർഥികളുടെ തല തല്ലിപ്പൊട്ടിക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ സംരക്ഷണം നൽകുന്ന സമീപനം പാടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home