print edition ഇന്ത്യ ഗർജിക്കുന്നു

കെ പി അക്ഷയ്
Published on Oct 13, 2026, 02:19 AM | 2 min read
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ' കൂട്ടായ്മ രാജ്യതലസ്ഥാനത്ത് തെരുവിലിറങ്ങി. ഇടതുപക്ഷ വിദ്യാർഥി–യുവജന മുന്നേറ്റങ്ങളാൽ പ്രതിഷേധജ്വാലതീർത്ത രണ്ടു ദിവസങ്ങൾക്കുശേഷമാണ് ഡൽഹിയുടെ തെരുവുകളെ പ്രകമ്പനംകൊള്ളിച്ച് പ്രതിപക്ഷത്തിന്റെ മാർച്ച് മുന്നേറിയത്. ജന്തർമന്തറിലും സുപ്രീംകോടതി പരിസരത്തും കേന്ദ്രസേനകളും ഡൽഹി പൊലീസും തീർത്ത സുരക്ഷാക്കോട്ടകൾ ഭേദിച്ച് പ്രതിപക്ഷ നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും ഒന്നിച്ച് നീങ്ങി.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘാതകനായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട് ‘വോട്ട് ചോരി’ മുദ്രാവാക്യമുയർത്തിയാണ് ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന യോഗശേഷം നാല് ബസുകളിലാണ് എംപിമാരും നേതാക്കളും പുറപ്പെട്ടത്. ഇവർക്കു പിന്നാലെ ജനസഞ്ചയവും. സുപ്രീംകോടതിക്ക് 200 മീറ്റർ അകലെ ഭഗവാൻ ദാസ് റോഡിൽ മാർച്ച് പൊലീസും കേന്ദ്ര സായുധ സേനകളും തടഞ്ഞു. ബാരിക്കേഡുകൾ മറിച്ചിട്ട പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐവൈഎഫ്, ഐസ, തുടങ്ങിയ ഇടതുപക്ഷ വിദ്യാർഥി, യുവജന സംഘടനാ നേതാക്കളും പ്രവർത്തകരും മാർച്ചിന് ആവേശം പകർന്നു.
മാർച്ചിനിടെ ഗ്യാനേഷ്‌കുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ സുപ്രീംകോടതിയിൽ ഹർജി ഫയൽചെയ്തു. ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതി ആവശ്യപ്പെട്ടെങ്കിലും നിരസിച്ചിരുന്നു. ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്തുന്ന വിഷയത്തിൽ സുപ്രീംകോടതി പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെയും മാർച്ചിൽ പ്രതിഷേധമുയർന്നു.
ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജ്വസി യാദവ്, എൻസിപി (എസ്‌പി) എംപി സുപ്രിയ സുലെ, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി തുടങ്ങിയവർ നേതൃത്വം നൽകി.
സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ്, എംപിമാരായ വി ശിവദാസൻ, എ എ റഹീം, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി, സിപിഐ രാജ്യസഭാ നേതാവ് പി സന്തോഷ്‌കുമാർ, കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഡി കെ ശിവകുമാർ, രേവന്ത് റെഡ്ഡി, മന്ത്രി ഒ ജെ ജനീഷ്, എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, വൈസ് പ്രസിഡന്റ് ശിൽപ സുരേന്ദ്രൻ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ഹിമാഘ്‌ന രാജ് ഭട്ടാചാര്യ, ഗുസ്‌തി താരം വിനേഷ് ഫോഗട്ട്, ഐസ അഖിലേന്ത്യാ പ്രസിഡന്റ് നേഹാ ബോറ തുടങ്ങിയവരും മാർച്ചിൽ അണിനിരന്നു.
പ്രക്ഷോഭവുമായി മുന്നോട്ട്
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കുന്നതുവരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷ പാർടികൾ ശക്തമായ പ്രതിഷേധം തുടരുന്നതിനൊടൊപ്പം ഇന്ത്യ കൂട്ടായ്മയുമായി ചേർന്നും പോരാട്ടം നടത്തും. ജനാധിപത്യ സംരക്ഷണത്തിനായി സാമൂഹ്യശക്തികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്കും പിന്തുണ നൽകും. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ വിലയിരുത്തി പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് വിശാല കൂട്ടായ്‌മയെന്ന ആശയം ഉയർത്തിപ്പിടിക്കുമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങൾ വിശദീകരിച്ച് എം എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമാധാനപരമായ പ്രതിഷേധങ്ങളെ ചോരയിൽമുക്കുന്ന പ്രാകൃതഭരണമാണ് രാജ്യത്ത് നടക്കുന്നത്. ജനാധിപത്യധ്വംസക സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി ആദ്യം സമരരംഗത്തിറങ്ങിയ പാർടിയാണ് സിപിഐ എം. ഡൽഹിയെ യുദ്ധഭൂമിയാക്കിയ കേന്ദ്രസർക്കാർ, സമരത്തെ അടിച്ചമർത്താൻ നോക്കിയപ്പോൾ ആദ്യം സുപ്രീംകോടതിയെ സമീപിച്ചതും പാർടിയാണ്. കേന്ദ്രകമ്മിറ്റി യോഗം ചേർന്ന് ഗ്യാനേഷ്‌കുമാറിനെതിരായ തുടർപ്രക്ഷോഭങ്ങൾ ആസൂത്രണംചെയ്തു. ശനിയാഴ്ച പിബി അംഗങ്ങൾ ഉൾപ്പടെ മുഴുവൻ കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളും രണ്ട് മുൻമുഖ്യമന്ത്രിമാരും സമരത്തിൽ അണിനിരന്നു. ഇൗച്ച പോലും കടക്കാത്ത വിധം മോദിയും അമിത് ഷായും കെട്ടിയ കോട്ടകൾ തകർത്ത് ജന്തർമന്തറിൽ പ്രതിഷേധിച്ചു.
ഡിസംബർ ഒന്നിന് കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പാർലമെന്റ് മാർച്ചിന് പൂർണ പിന്തുണ നൽകും. സംയുക്ത കിസാൻ മോർച്ചയും മഹിളാസംഘടനകളും നടത്തുന്ന സമരങ്ങൾക്കും ഐക്യദാർഢ്യം. എല്ലാ സംസ്ഥാനങ്ങളിലും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ഉൗർജം പകരും. ഗ്യാനേഷ്‌കുമാറിന് മാത്രമല്ല, മോദിക്കും അമിത് ഷായ്‌ക്കും സ്ഥാനം ഒഴിയേണ്ടിവരുമെന്നും എം എ ബേബി പറഞ്ഞു.








0 comments