പതാക ഉയർന്നു
സിഐടിയു ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

സിഐടിയു ജില്ലാസമ്മേളനത്തിന് തുടക്കംകുറിച്ച് ഫോർട്ട്‌കൊച്ചിയിലെ എം എം ലോറൻസ് നഗറിൽ (ഫോർട്ട്കൊച്ചി വെളി മൈതാനം) സ്വാഗതസംഘം ചെയർമാൻ കെ ജെ മാക്സി പതാക ഉയർത്തുന്നു
കൊച്ചി
ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ വർത്തമാനകാല പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് സിഐടിയു ജില്ലാസമ്മേളനത്തിന് പതാക ഉയര്‍ന്നു. ജില്ലയിലെ 173 യൂണിയനുകളിലെ രണ്ടരലക്ഷത്തോളം തൊഴിലാളികളെ പ്രതിനിധാനംചെയ്‌ത് 450 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ധീരരക്തസാക്ഷികളുടെ സ്‌മരണയും ആവേശവും വാനോളമുയർന്ന സന്ധ്യയിൽ കൊടിമര–പതാക ജാഥകൾ ഫോർട്ട്കൊച്ചി സ്റ്റാച്യു ജങ്‌ഷനിൽ സംഗമിച്ചു. സമരേതിഹാസങ്ങളുടെ വീരഭൂമിയായ ഫോർട്ട്‌കൊച്ചിയിലെ എം എം ലോറൻസ് നഗറിൽ (ഫോർട്ട്കൊച്ചി വെളി മൈതാനം) സ്വാഗതസംഘം ചെയർമാൻ കെ ജെ മാക്സി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ സംസാരിച്ചു.
എം പി ഉദയൻ നയിച്ച കൊടിമരജാഥ തിങ്കളാഴ്‌ച ഏലൂര്‍ വടക്കുംഭാഗം അബ്ദുൾ റസാഖ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് നൂറുകണക്കിന് വ്യവസായമേഖലാ തൊഴിലാളികളുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ ഫ്ലാഗ്ഓഫ് ചെയ്തു. കളമശേരി ഏരിയ പ്രസിഡന്റ് എ ഡി സുജിൽ അധ്യക്ഷനായി.
കളമശേരി എച്ച്എംടി കവലയിൽ നടന്ന സ്വീകരണത്തിൽ ചുമട്ടുതൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ബിജു മോഹൻ അധ്യക്ഷനായി. പാലാരിവട്ടം, വൈറ്റില, തേവര, തോപ്പുംപടി എന്നിവിടങ്ങളിൽ ജാഥയ്ക്ക് ഉജ്വല സ്വീകരണം നല്‍കി. നൂറുകണക്കിനുപേർ സ്വീകരിക്കാനെത്തി. എ പി ലൗലിയാണ് വൈസ് ക്യാപ്റ്റൻ. പി എം മുജീബ് റഹ്മാൻ മാനേജർ. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, ജില്ലാ ട്രഷറർ സി കെ പരീത്, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജാഥാ മാനേജർ പി എം മുജീബ് റഹ്മാൻ, പി കെ ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ട്രഷറർ കെ എം റിയാദ് കൊടിമരം ഏറ്റുവാങ്ങി.
പതാകജാഥ സിഐടിയു ജില്ലാ സമ്മേളന നഗരിയിലെത്തിയപ്പോൾ ക്യാപ്റ്റൻ കെ വി മനോജിൽനിന്ന് മുതിർന്ന
ട്രേഡ് യൂണിയൻ നേതാവ് ബി ഹംസ പതാക ഏറ്റുവാങ്ങുന്നു
കെ വി മനോജ് ക്യാപ്റ്റനായ പതാകജാഥ മട്ടാഞ്ചേരി സെയ്ത്– സെയ്താലി– ആന്റണി സ്മൃതികുടീരത്തിൽ അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു. ജാഥയ്‌ക്ക് അമ്മൻകോവിൽ, പാണ്ടിക്കുടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സനം പി തോപ്പിൽ വൈസ് ക്യാപ്റ്റനും സി ഡി നന്ദകുമാർ മാനേജരുമാണ്. മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് ബി ഹംസ പതാക ഏറ്റുവാങ്ങി. കെ ജെ ആന്റണി, പി എസ് രാജം എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ഇന്ന്
സിഐടിയു ജില്ലാസമ്മേളന പ്രതിനിധി സമ്മേളനം ചൊവ്വ രാവിലെ 10ന് കെ ജെ ജേക്കബ്–ടി എം മുഹമ്മദ് നഗറിൽ (ഫോർട്ട്കൊച്ചി വെളി മൈതാനം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. കെ ചന്ദ്രൻപിള്ള, സി എൻ മോഹനൻ, കെ എൻ ഗോപിനാഥ്, ദീപ കെ രാജൻ, വി ശിവൻകുട്ടി, സി ബി ചന്ദ്രബാബു, സി കെ ഹരികൃഷ്ണൻ, എസ് ശർമ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
ബുധൻ വൈകിട്ട് നാലിന് കൂവപ്പാടത്തുനിന്ന് ഫോർട്ട്‌കൊച്ചി വെളി മൈതാനത്തേക്ക് റാലി നടത്തും. പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും.







0 comments