സിയാലിൽ അന്താരാഷ്ട്ര കാർഗോ ബിസിനസ് സമ്മിറ്റ് 31 മുതൽ

നെടുമ്പാശേരി
സിയാലിനെ ആഗോള എയർ കാർഗോ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര കാർഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. സിയാൽ കൺവൻഷൻ സെന്ററിൽ 31, ഫെബ്രുവരി ഒന്നു വരെയാണ് സമ്മിറ്റ്. ഫെബ്രുവരി ഒന്നിന് പകൽ 11.30ന് പ്ലീനറി സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സിയാൽ ജനറൽ മാനേജരും കാർഗോ മേധാവിയുമായ സതീഷ് കുമാർ പൈ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, മന്ത്രി പി രാജീവ് എന്നിവർ പങ്കെടുക്കും. സിയാൽ, ഫിക്കി എന്നിവയുടെ നേതൃത്വത്തിലാണ് സമ്മിറ്റ്. ബിസിനസ് മീറ്റിങ്ങുകൾ, പ്രദർശനങ്ങൾ, പാനൽചർച്ച എന്നിവ ഉണ്ടാകും. എയർലൈനുകൾ, ചരക്കുകൈമാറ്റക്കാർ, കസ്റ്റംസ് ബ്രോക്കർമാർ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിങ്ങനെ 54 പ്രദർശന സ്റ്റാളുകളുണ്ടാകും. കാർഗോ മേഖലയിലെ പ്രമുഖ കമ്പനികൾക്കുള്ള അനുമോദന അവാർഡ് സമ്മാനിക്കും. തീം പ്രസന്റേഷനോടെ 31ന് രാവിലെ 9.30നാണ് സമ്മിറ്റ് തുടങ്ങുക.
ആഗോള വ്യാപാര കരാറുകൾ, ഇന്ത്യയുടെ വ്യാപാരത്തിൽ എയർ കാർഗോയുടെ പങ്ക്, മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ഓപ്പറേഷൻസ്, റെഗുലേറ്ററി കംപ്ലയൻസ് ആൻഡ് ട്രേഡ് ഫെസിലിറ്റേഷൻ ഫോർ ഫാസ്റ്റർ കാർഗോ ഡെലിവറി, റീ–ഡിഫൈനിങ് ദി ഇ–കൊമേഴ്സ് പ്ലയേഴ്സ് ആൻഡ് കൊറിയർ ഫ്രീറ്റ് ഏജൻസീസ് വിഷയങ്ങളിൽ പാനൽചർച്ച നടക്കും. പാനൽചർച്ചകളിൽ പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9746903555. ഇ-മെയിൽ: [email protected]
പ്രധാന കാർഗോ ഹബ്ബാക്കും
കൊച്ചി വിമാനത്താവളത്തെ പ്രധാന കാർഗോ ഹബ്ബാക്കി മാറ്റുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് സതീഷ് കുമാർ പൈ പറഞ്ഞു. ചരക്കുനീക്കത്തിനുള്ള മൾട്ടിമോഡൽ കണക്ടിവിറ്റി പോയിന്റാക്കും. റെയിൽ, റോഡ്, ജല, വ്യോമയാന സർവീസുകൾ ഏകോപിപിച്ച് ആധുനികരീതിയിൽ ചരക്കുനീക്കം നടത്തും. കേരളത്തിലെ 35,000 കോടിയോളം കാർഗോ ബിസിനസിന്റെ 57 ശതമാനവും കൊച്ചിയിലാണ്. അതിന്റെ പ്രധാന ഭാഗവും കൊച്ചി വിമാനത്താവളം വഴിയാണ് നടക്കുന്നത്. പ്രത്യേക ഇ -കൊമേഴ്‌സ് കൈകാര്യം ചെയ്യാൻ പട്ടികയിലുൾപ്പെടുത്തിയ ഇന്ത്യയിലെ ഒന്പതുവിമാനത്താവളങ്ങളിൽ ഒന്നാണ് സിയാൽ.
കേരളത്തിലെ എയർ കാർഗോയുടെ 60 ശതമാനവും കൈകാര്യം ചെയ്യുന്നത് കൊച്ചി വിമാനത്താവളമാണ്. ഔഷധക്കയറ്റുമതിക്കായി ഫാർമ ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ്. കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് സഹായിക്കാൻ ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കി. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേഷൻ സെന്റർ ആരംഭിക്കും.
കാർഗോ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികൾക്ക് കാർഗോ സമ്മിറ്റ് വേദിയിൽ എക്‌സലൻസ് അവാർഡുകളും നൽകും. വാർത്താസമ്മേളനത്തിൽ സിയാൽ കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി പി എസ് ജയൻ, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവരും പങ്കെടുത്തു.










0 comments