സീപോർട്ട്–എയർപോർട്ട് റോഡ്
നിർത്തിയിട്ട കാറിനുപിന്നിൽ മറ്റൊരു കാറിടിച്ചു; നാലുമണിക്കൂർ ഗതാഗതക്കുരുക്ക്

കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടം
കാക്കനാട്
സീപോർട്ട്–എയർപോർട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുപിന്നിൽ മറ്റൊരു കാർ ഇടിച്ചു. ആർക്കും ഗുരുതര പരിക്കില്ല . കാക്കനാട് സൺറൈസ് ആശുപത്രിക്ക് എതിർവശത്ത് തിങ്കൾ രാവിലെ 10.30ഓടെയാണ് അപകടം.
നിയന്ത്രണംവിട്ട കാർ റോഡരികിലെ നിർത്തിയിട്ട കാറിന് പിന്നിലിടിച്ചശേഷം കോൺക്രീറ്റ് സുരക്ഷാവേലിയിൽ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിൽ നിർത്തിയിട്ട കാർ സമീപത്തെ തട്ടുകടയിലേക്ക് പാഞ്ഞുകയറി. തട്ടുകടയിൽ നിരവധിപേർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നെങ്കിലും വാഹനം കടയ്ക്കുള്ളിലേക്ക് കയറാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
കോൺക്രീറ്റ് വേലിയാണ് വാഹനം കൂടുതൽ മുന്നോട്ടുപോകുന്നത് തടഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തെ തുടർന്ന് സീപോർട്ട്–എയർപോർട്ട് റോഡിൽ ഇരുവശത്തുമായി ഗതാഗതം പൂർണമായും തടസ്സപ്പെട്ടതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. നാലുമണിക്കൂറോളം പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.










0 comments