പറവൂരിലെ കാനകളിൽ മാലിന്യനീക്കം തുടങ്ങി ; നടപടി ദേശാഭിമാനി വാർത്തയെത്തുടർന്ന്

പറവൂർ
നഗരമധ്യത്തിലെ നമ്പൂരിയച്ചൻ ആലിന് സമീപത്തുള്ള കാനകളിൽ മാലിന്യം തള്ളിയ സ്ഥാപനങ്ങൾക്കെതിരെ പറവൂർ നഗരസഭ ആരോഗ്യവിഭാഗം നടപടി തുടങ്ങി. ക്ലീൻ സിറ്റി മാനേജർ എസ് ബിജുവിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. കാനകളിൽ മാലിന്യം അടിഞ്ഞുകൂടിയതുമൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ദേശാഭിമാനിയിൽ വെള്ളിയാഴ്ച വാർത്തയായിരുന്നു. തുടർന്നാണ് നടപടി ഉണ്ടായത്.
കെ ആർ വിജയൻ മെമ്മോറിയൽ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്‌സിലെ പാലസ് ഹോട്ടലിൽനിന്ന് കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതിന് പൈപ്പ് സ്ഥാപിച്ചിരുന്നു. ഇത് കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചു. ഹോട്ടലിന് 25,000 രൂപ പിഴയടയ്‌ക്കാൻ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തും. ആൽത്തറമുതൽ കോടതിക്കുസമീപംവരെയുള്ള ഭാഗത്ത് കാനയിൽ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. മാലിന്യം മുഴുവൻ നീക്കം ചെയ്യുമെന്നും കാനയിലേക്ക് പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഇതു കണ്ടെത്തി നടപടിയെടുക്കുമെന്നും ക്ലീൻ സിറ്റി മാനേജർ ബിജു പറഞ്ഞു.









0 comments