കനാലിൽ വെള്ളം എത്തിയില്ല; നെൽക്കൃഷി നശിക്കുന്നു

കവളങ്ങാട്
ജലക്ഷാമം രൂക്ഷമായിട്ടും എംവിഐപി വലതുകര കനാലിൽ വെള്ളമെത്തിയില്ല. പെരിയാർവാലി കനാലുകളിൽ വെള്ളം തുറന്നുവിട്ട് മൂന്നാഴ്‌ച പിന്നിടുമ്പോഴാണ് എംവിഐപി കനാലിൽ വെള്ളമൊഴുക്കാനുള്ള ഒരുക്കങ്ങൾപോലും അധികൃതർ നടത്താത്തത്.
കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലാണ് എംവിഐപി വലതുകര കനാലിലൂടെ വെള്ളം എത്തുന്നത്. നാല് പഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമാണ്. ശുദ്ധജല സ്രോതസ്സുകൾ മിക്കതും വറ്റിത്തുടങ്ങി. കനാൽ വെള്ളത്തെ ആശ്രയിച്ചുള്ള കൃഷികൾ ഉണങ്ങിനശിക്കുന്ന നിലയിലാണ്. വെള്ളമില്ലാതെ പുളിന്താനം പാടശേഖരം വറ്റിവരണ്ടു. കതിരിട്ടു തുടങ്ങിയ നെൽച്ചെടികൾ ഉണങ്ങിത്തുടങ്ങി. പാടം വിണ്ടുകീറിയ നിലയിലാണ്. ഇനിയും വെള്ളമെത്തിയില്ലെങ്കിൽ ഏക്കർകണക്കിന് നെൽക്കൃഷി പൂർണമായും നശിക്കും.
പാടശേഖരത്തിൽ പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയിരിക്കുന്ന കർഷകർ ആശങ്കയിലാണ്.
കനാലുകൾ വലിയ മരങ്ങൾ വളർന്നും കാടും മാലിന്യങ്ങളും നിറഞ്ഞനിലയിലാണ്. ഇതിലൂടെ വെള്ളമൊഴുക്കാനുള്ള നടപടി ഇതുവരെയും ഉണ്ടായിട്ടില്ല. കനാൽ ശുചീകരണത്തിന് ഫണ്ട് ലഭ്യമായിട്ടില്ലെന്നാണ് എംവിഐപി അധികൃതരുടെ വിശദീകരണം.









0 comments