പായയും ബെഡ്‌ഷീറ്റും നൽകിയില്ല
ക്യാമ്പിലും ദുരിതം

അതിഥിത്തൊഴിലാളിയായ ലിട്ടൺ മൊല്ലയും കുടുംബവും മൂവാറ്റുപുഴ ഗവ. ടൗൺ യുപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ /ഫോട്ടോ: വി കെ അഭിജിത്

ശ്രീരാജ് ഓണക്കൂർ
Published on Aug 04, 2026, 02:53 AM | 1 min read
മൂവാറ്റുപുഴ
തകർത്തുപെയ്‌ത മഴയിൽ പശ്‌ചിമ ബംഗാൾ സ്വദേശി ലിട്ടൺ മൊല്ലയുടെ വീടും മുങ്ങി. നെഞ്ചിനൊപ്പം വെള്ളത്തിൽനിന്ന് രക്ഷതേടി ലിട്ടണും കുടുംബവും വസ്‌ത്രങ്ങൾ വാരിപ്പെറുക്കി എത്തിയത് മൂവാറ്റുപുഴ ടൗൺ യുപിഎസിലെ ദുരിതാശ്വാസ ക്യാന്പിൽ. എന്നാൽ, അവിടെ കാത്തിരുന്നത് നരകതുല്യമായ ദുരിതം.
മൂവാറ്റുപുഴ കൊച്ചങ്ങാടിയിലെ വീട്ടിൽനിന്ന് ശനിയാഴ്‌ച എത്തിയ ലിട്ടണും ഭാര്യ തുന്പ ബീവിക്കും മകൻ രണ്ടു വയസ്സുകാരൻ അനീഷിനും കിടന്നുറങ്ങേണ്ടിവന്നത് ബെഞ്ചിൽ. മൂന്ന് ദിവസമായിട്ടും പായയും ബെഡ്‌ഷീറ്റും ലഭിച്ചില്ല. ലിട്ടണിന്റെ അമ്മ ബേഗം ബീവി പഴന്തുണി വിരിച്ച് തറയിലാണ് കിടന്നുറങ്ങിയത്. മകനെങ്കിലും ബെഡ്‌ഷീറ്റ് ലഭിക്കുമെന്ന് കാത്തിരുന്നെങ്കിലും ഇവർ നിരാശരായി. വിവരമറിഞ്ഞ സിപിഐ എം പ്രവർത്തകർ ലിട്ടണും കുടുംബത്തിനും തിങ്കളാഴ്‌ച പായ എത്തിച്ചുകൊടുത്തു. പത്ത് വർഷമായി മൂവാറ്റുപുഴയിൽ താമസിക്കുന്ന ലിട്ടൺ റമ്പൂട്ടാൻ കൃഷി തൊഴിലാളിയാണ്. അമ്മയും ഭാര്യയും മകനും ഒപ്പം ചേർന്നിട്ട് അഞ്ച് മാസം.
ഇതേ അനുഭവമാണ് പൈനാപ്പിൾ കൃഷി തൊഴിലാളി പശ്‌ചിമ ബംഗാൾ സ്വദേശി ഖാൻ മജ്‌റൂളിനും ഭാര്യ സിമ ഖാത്തുമിനും പറയാനുള്ളത്. ഇവരും എൽകെജിയിൽ പഠിക്കുന്ന മകൾ ജനാത്തുൾ ഫാത്തിമയും പത്താം ക്ലാസ് വിദ്യാർഥി ഹബീബ്‌ഖാനും കൊച്ചങ്ങാടിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. വീടുകളിൽ വെള്ളം കയറിയതോടെ ഇവരും ശനിയാഴ്‌ചയാണ് അഭയം തേടി ടൗൺ യുപിഎസിലെത്തിയത്. ഇവർക്കും പായയും ബെഡ്‌ഷീറ്റും ലഭിച്ചില്ല. തുണി വിരിച്ച് നിലത്തും ബെഞ്ചിലുമായാണ് മൂന്നു ദിവസം തള്ളിനീക്കിയത്.
8 ക്യാമ്പുകളിൽ 38 കുടുംബങ്ങൾ
കൊച്ചി
ജില്ലയിൽ എട്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളിലെ 110 പേരെയാണ് മാറ്റിപ്പാര്‍പ്പിത്. 51 സ്ത്രീകളും 40 പുരുഷന്മാരും 19 കുട്ടികളുമാണ് വിവിധ ക്യാമ്പുകളിലായുള്ളത്. ഇതിൽ 12 പേർ വയോജനങ്ങളാണ്. കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ രണ്ടുവീതവും മൂവാറ്റുപുഴയിൽ നാലും ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.










0 comments