ആശ്വാസം പകർന്ന് സിപിഐ എം
ആശങ്കയിൽ ദുരിതാശ്വാസക്യാമ്പുകൾ

മൂവാറ്റുപുഴ ഗവ. ടൗൺ യുപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് അംഗങ്ങൾക്ക് പായ വിതരണം ചെയ്യുന്നു
മൂവാറ്റുപുഴ
വീടുകളിൽ വെള്ളംകയറി ദുരിതത്തിലായവർക്ക് ഇരുട്ടടിയായി ദുരിതാശ്വാസ ക്യാന്പുകൾ. മൂവാറ്റുപുഴ നഗരസഭയുടെയും മറ്റും നേതൃത്വത്തിൽ ക്യാമ്പുകളിൽ സൗകര്യമൊരുക്കാൻ ശ്രമിച്ചെങ്കിലും എല്ലാവർക്കും അവശ്യസാധനങ്ങൾ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
ആദ്യദിവസം നഗരസഭ ഇടപെട്ടെങ്കിലും പിന്നീട് ശ്രദ്ധിച്ചില്ലെന്നാണ് ആക്ഷപം. ഗവ. ടൗൺ യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലെത്തിയ അതിഥിത്തൊഴിലാളി കുടുംബങ്ങളോട് വിവേചനം കാണിച്ചുവെന്നും പരാതിയുണ്ട്. മറ്റുള്ളവർക്ക് ഒപ്പമാണ് ഇവരും ശനിയാഴ്‌ച ക്യാമ്പിലെത്തിയത്. എന്നാൽ, മറ്റുള്ളവർക്ക് വിതരണം ചെയ്ത പലതും അതിഥിത്തൊഴിലാളികൾക്ക് ലഭിച്ചില്ലെന്നാണ് ആക്ഷേപം. മറ്റു ക്യാമ്പുകളിലും സമാനസ്ഥിതിയുണ്ട്.
തിങ്കൾ ഉച്ചവരെ മഴമാറിനിന്നപ്പോൾ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിരുന്നു. വൈകിട്ടോടെ മഴ കനത്തതിനാൽ ജനങ്ങൾ ഭീതിയിലായി. മൂവാറ്റുപുഴ നഗരത്തിലെ നാല് ക്യാമ്പുകളിലായി നൂറിലേറെപ്പേർ താമസിക്കുന്നുണ്ട്. വെള്ളപ്പൊക്കഭീഷണിയുള്ള പ്രദേശങ്ങളിൽ പലരും ബന്ധുക്കളുടെ വീടുകളിലേയ്ക്ക് താമസം മാറി.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷിന്റെ നേതൃത്വത്തിൽ പാർടി പ്രവർത്തകർ തിങ്കളാഴ്‌ച ക്യാമ്പ് സന്ദർശിച്ചു. മൂവാറ്റുപുഴ ഗവ. ടൗൺ യുപി സ്കൂളിലെ ക്യാമ്പിലുള്ളവർക്ക് എസ് സതീഷ് പായകൾ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ഏരിയ കമ്മിറ്റി അംഗം യു ആർ ബാബു, മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ ജി അനിൽകുമാർ, സൗത്ത് ലോക്കൽ സെക്രട്ടറി പി ബി അജിത് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായി. വെള്ളപ്പൊക്കഭീഷണിയിൽ കഴിയുന്നവരെ സഹായിക്കാൻ സിപിഐ എം പ്രവർത്തകർ എല്ലായിടത്തും സജീവമായുണ്ട്.










0 comments