ജനുവരിമുതൽ പുതിയ പരിഷ്കാരം
സ്വകാര്യ ബസുകളുടെ സമയക്രമം പുതുക്കും

കാക്കനാട്
അമിതവേഗവും മത്സരയോട്ടവും ഒഴിവാക്കി സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലയിലെ സ്വകാര്യ സിറ്റി ബസുകളുടെ സമയക്രമം പരിഷ്കരിക്കുന്നു. ഡിസംബർ ആദ്യവാരം ബസ് ഉടമകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തും. ജനുവരിമുതൽ പുതിയ സമയക്രമം നടപ്പാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ നീക്കം. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആർടിഒ നടത്തിയ ജിപിഎസ് അധിഷ്ഠിത പരിശോധനയെ തുടർന്നാണ് യാത്രാസമയം വർധിപ്പിക്കണമെന്ന ശുപാർശ.
മെട്രോ, ദേശീയപാത നിർമാണം, റോഡ് അറ്റകുറ്റപ്പണികൾ, ഗതാഗതക്കുരുക്ക് എന്നിവ കാരണം സർവീസുകൾ വൈകുന്നതും ഇത് മറികടക്കാൻ ബസുകൾ അമിതവേഗത്തിൽ ഓടുന്നതും പരിശോധനയിൽ കണ്ടെത്തി. രാവിലെ എട്ടുമുതൽ 10.30 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും കിലോമീറ്ററിന് 3.5 മുതൽ നാലു മിനിറ്റുവരെ യാത്രാസമയം അനുവദിക്കാനാണ് നിർദേശം. മറ്റുസമയങ്ങളിൽ മൂന്നുമുതൽ 3.5 മിനിറ്റുവരെയും അനുവദിക്കും.
പാലാരിവട്ടം–കാക്കനാട്–ഇൻഫോപാർക്ക് റൂട്ടിൽ നിലവിലെ 28.5 മിനിറ്റ് യാത്രാസമയം 31 മുതൽ 38 മിനിറ്റായി ഉയർത്തും. ഓരോ ട്രിപ്പിനുശേഷവും 15 മുതൽ 20 മിനിറ്റുവരെ വിശ്രമസമയവും നിർദേശിച്ചിട്ടുണ്ട്. തുടർച്ചയായ അഞ്ചുമണിക്കൂർ ഡ്രൈവിങ്ങിനുശേഷം ജീവനക്കാർക്കും വിശ്രമം ഉറപ്പാക്കും. ജില്ലയിലെ 1,080 സ്വകാര്യ ബസുകളിൽ 480 ഓളം സിറ്റി ബസുകളുടെ സമയക്രമമാണ് ആദ്യഘട്ടത്തിൽ പരിഷ്കരിക്കുക. കെഎസ്ആർടിസി, കൊച്ചി മെട്രോ, നാറ്റ്പാക്, ട്രാഫിക് പൊലീസ് എന്നിവയുമായി ചർച്ചനടത്തിയാകും അന്തിമ ക്രമീകരണം.









0 comments