സ്വകാര്യ ബസുകളിൽ പരിശോധന: നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുത്തു

മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിൽ ബസുകൾ പരിശോധിക്കുന്നു
മൂവാറ്റുപുഴ
എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം മൂവാറ്റുപുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ബി ഷെഫീഖിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ, കൂത്താട്ടുകുളം, വാഴക്കുളം എന്നിവിടങ്ങളിലെ സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ മിന്നൽ പരിശോധന നടത്തി. 58 വാഹനങ്ങൾ പരിശോധിച്ചതിൽ 25 വാഹനങ്ങളിൽ അമിതശബ്ദത്തിലുള്ള എയർഹോണിന്റെ ഉപയോഗം കണ്ടെത്തി.
ബ്ലൈൻഡ് സ്പോട്ട് മിറർ ഇല്ലാത്ത ബസുകൾ, വാഹനത്തിന്റെ ഡെസ്റ്റിനേഷൻ ബോർഡുകൾ നിയമപരമായി പ്രദർശിപ്പിക്കാത്തവ, ഡ്രൈവർക്കും കണ്ടക്ടർക്കും ലൈസൻസ് ഇല്ലാത്ത ബസുകൾ, മുൻഭാഗത്ത് ചില്ലിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന സ്റ്റിക്കറുകൾ പതിച്ചതും ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. ഇത്തരം വാഹനങ്ങൾക്കെതിരെ നിയമനടപടിയെടുത്തു.
പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി വി വിജേഷ്, എൻ വിനോദ് കുമാർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി എൻ പ്രവീൺകുമാർ, വി സി ബിജു, ജോബിൻ ജോസ്, സമീർ ബാബു തുടങ്ങിയവർ പങ്കെടുത്തു.










0 comments