ad
Deshabhimani

ആർപ്പോ... ഇറോ...

ഫിഫ വേള്‍ഡ് കപ്പ് 2026ന്റെ ഭാഗമായി മൂന്നാലിങ്ങലില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് 2026 വിളംബര ജാഥ  മേയര്‍ ഒ.സദാശിവന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ഫിഫ വേള്‍ഡ് കപ്പ് 2026ന്റെ ഭാഗമായി മൂന്നാലിങ്ങലില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് 2026 വിളംബര ജാഥ മേയര്‍ ഒ.സദാശിവന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 11, 2026, 01:41 AM | 1 min read

കോഴിക്കോട്‌ മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധമായ അസ്‌റ്റെക സ്‌റ്റേഡിയത്തിൽ വിസിൽ മുഴുങ്ങാൻ മണിക്കൂറുകൾ കാത്തിരിക്കെ ലോകകപ്പ്‌ –2026നെ വരവേറ്റ്‌ കോഴിക്കോട്‌. വീറുറ്റ പോരാട്ടങ്ങള്‍ക്കായി നിമിഷങ്ങളെണ്ണി കാത്തിരിക്കുന്ന ഫുട്‌ബോള്‍ പ്രണയികൾക്ക്‌ ഹൃദ്യമായ വിരുന്നൊരുക്കിയാണ്‌ നഗരം ലോകകപ്പിനെ വരവേറ്റത്‌. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കെഎസ്‌ആർടിസി ഡബിൾഡെക്കർ ബസിൽ സംഘടിപ്പിച്ച ലോകകപ്പ്‌ വിളംബരം വേറിട്ടതായി. ഇഷ്‌ടപ്പെട്ട ടീമുകളുടെ ജഴ്‌സിയണിഞ്ഞും പതാകയേന്തിയും നഗരം ചുറ്റിയുള്ള യാത്ര നഗരത്തിന്‌ സമ്മാനിച്ചത്‌ വേറിട്ട അനുഭവം. ആരാധകർക്കൊപ്പം ആരവങ്ങളുയർത്തി ഇന്ത്യൻ ഫുട്‌ബോൾതാരം സി കെ വീനീതും പങ്കാളിയായപ്പോൾ ആവേശം വാനോളമായി. ആഫ്രിക്കൻ ഗോത്രതാളവും ഫുട്‌ബോളിന്റെ മിടിപ്പും പേറിയ ഷക്കീറയുടെ വക്ക... വക്ക... എന്ന ഗാനവുമായി കെഎസ്‌ആർടിസി സ്‌റ്റാൻഡിൽനിന്ന്‌ ആരംഭിച്ച ഡബിൾ ഡെക്കർ ബസ്‌ നഗരം ചുറ്റി ബീച്ചിലുടെ ചുറ്റിക്കറങ്ങി മാനാഞ്ചിറ വഴി കെഎസ്‌ആർടിസിയിൽ സമാപിച്ചു. കേരളത്തിന്റെ പ്രിയതാരം വിനീത്‌ ബ്രസീലിന്റെയും പി എസ്‌ സഞ്ജീവ്‌ പോർച്ചുഗലിന്റെയും താജുദ്ദീൻ അർജന്റീനയുടെയും ജഴ്‌സിയണിഞ്ഞു. കൂടാതെ ഹോളണ്ട്‌, സ്‌പെയിൻ, ജർമനി, ഫ്രാൻസ്‌ തുടങ്ങി പ്രമുഖരാജ്യങ്ങളുടെയും ഇഷ്ടതാരങ്ങളുടെയും ജഴ്‌സിയണിഞ്ഞാണ്‌ വിദ്യാർഥികൾ വിളംബരത്തിൽ അണിനിരന്നത്‌. പാദചലനങ്ങളുടെ ചടുലതയ്‌ക്കും താളത്തിനും കാത്തിരിക്കുന്ന കോഴിക്കോടിനായി സാംബാമന്ത്രത്തിന്റെ നിലയ്‌ക്കാത്ത താളത്തിൽ അവർ ആടിപ്പാടി. ബ്രസീൽ കപ്പടിക്കണമെന്നാണ്‌ ആഗ്രഹമെങ്കിലും ഇത്തവണ കളിക്കളത്തിൽ വാശിയേറിയ പോരാട്ടങ്ങൾക്കാണ്‌ ലോകം സാക്ഷിയാവുക. അർജന്റീന, നെതർലാൻഡ്‌, സ്‌പെയിൻ, പോർച്ചുഗൽ എന്നിവ ഒന്നിനൊന്ന്‌ ഫോമിലാണ്‌. ബ്രസീലും മോശമല്ല. തുടക്കം മുതൽ ബ്രസീൽ ആരാധകനാണെങ്കിലും കഴിഞ്ഞ തവണ മെസി കപ്പടിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു. അതുണ്ടായി. ഇത്തവണ റൊണാൾഡോ കപ്പുയർത്തണമെന്ന്‌ ഒരാഗ്രഹമുണ്ടെന്നും വീനിത്‌ പറഞ്ഞു. ഭാഷകളില്ലാതെ, അതിരുകളില്ലാതെ ലോകം ഒറ്റപ്പന്തിലേക്ക്‌ മാറുന്പോൾ ലോകം മുഴുവൻ അതേറ്റടുക്കുന്പോൾ മാനവികതയുടെ പന്തിനെ വിദ്യാർഥി പ്രസ്ഥാനവും നെഞ്ചോട്‌ ചേർക്കുകയാണെന്ന്‌ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ പറഞ്ഞു. ജില്ലാ സെക്രട്ടറി ടി പി അമൽരാജ്‌, പ്രസിഡന്റ്‌ സരോദ്‌ ചങ്ങാടത്ത്‌, മുഹമ്മദ്‌ ഫർഹാൻ, എസ്‌ നന്ദന, ഖദീജ ഹിബ, അശ്വന്ത്‌ ചന്ദ്ര‍, പി സ്വരാഗ് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home