ഉയരപ്പാതയിൽ നിയന്ത്രണംവിട്ട കാർ സർവീസ് റോഡിൽ ഓട്ടോയിലിടിച്ചു

മാരാരിക്കുളം
കലവൂരിൽ ഉയരപ്പാതയിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ച് സർവീസ് റോഡിലൂടെ പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. കലവൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ മണ്ണഞ്ചേരി തറമൂട് തയ്യിൽച്ചിറ ജോൺ (54), ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മാതാ സ്കൂൾ വിദ്യാർഥിനി കലവൂർ ദിയ ഭവനിൽ വിഘ്‌നേഷിന്റെ മകൾ ദിയ (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോണിന്റെ കാൽ ഒടിഞ്ഞു തലയ്ക്ക് പരിക്കേറ്റു. വിദ്യാർഥിനിയുടെ പരിക്കുകൾ ഗുരുതരമല്ല. ബുധൻ വൈകിട്ട് നാലോടെ കലവൂര്‍ ജങ്ഷന് തെക്കാണ് അപകടം. ആലപ്പുഴയിൽ നിന്നും അഞ്ചംഗ സംഘം വാടകയ്ക്ക് എടുത്ത കാറിൽ എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു. ആലപ്പുഴ മാതാ സ്കൂളിൽ നിന്നും ദിയയെ ഓട്ടോയിൽ കലവൂരിലെ വീട്ടിലേക്ക് കൊണ്ടു വരുമ്പോളാണ് കാർ നിയന്ത്രണം വിട്ട് സർവീസ് റോഡിലൂടെ വരികയായിരുന്ന ഓട്ടോയിൽ ഇടിച്ചത്. ഡ്രൈവറേയും വിദ്യാർഥിനിയെയും നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാർ യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റവരുടെ കൂടെ ആശുപത്രിയിൽ പോകാൻ കാർ യാത്രികർ തയ്യാറായില്ലെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. അപകടം നടന്ന ഉടൻ മണ്ണഞ്ചേരി പൊലീസിൽ അറിയിച്ചെങ്കിലും താമസിച്ചാണ് ഇവരെത്തിയതെന്ന് ആക്ഷേപമുണ്ട്.








0 comments