സ്വകാര്യ ബസ് മെട്രോ തൂണിലിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

പത്തടിപ്പാലത്ത് മെട്രോ തൂണിലിടിച്ച് അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്
കളമശേരി
ദേശീയപാതയിൽ പത്തടിപ്പാലത്ത് സ്വകാര്യബസ് മെട്രോ തൂണിലും സമീപത്തെ സുരക്ഷാവേലിയിലും ഇടിച്ചു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് മെട്രോ സ്റ്റേഷനുസമീപം വെള്ളി രാവിലെ 10.30 ഓടെ അപകടത്തിൽപ്പെട്ടത്. അഞ്ചുപേർക്ക് പരിക്കേറ്റു.
നായരമ്പലം സ്വദേശി പടന്നത്തറ അഷ്നക്കും (20), അശോക് റോഡ് കറുകപ്പിള്ളി മഹമ്മദ് ആലമിനും (55) മൂക്കിന്റെ എല്ലിന് പരിക്കേറ്റു. വൈപ്പിൻ സ്വദേശി കൊച്ചുതറ രാഹുലിന് (24) തലയിൽ മുറിവേറ്റ് തുന്നലിട്ടു. ബസ് ഡ്രൈവർ കൊരട്ടി സ്വദേശി ഷെഫീക് (44), ഇടപ്പള്ളി സ്വദേശി രജനി അജയകുമാർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ മെട്രോ പില്ലറിന് സമീപത്തെ ഇരുമ്പ് സുരക്ഷാവേലി എതിർവശത്തേക്ക് തള്ളിപ്പോയി. ഇതുവഴിവന്ന കാറിന് ഈ വേലിയിൽ ഇടിച്ച് കേടുപാടുണ്ടായി.
നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബസ് മെട്രോ പില്ലറിൽ ഇടിച്ച് അവിടെത്തന്നെ നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞത്.









0 comments