ഒറ്റയ്‌ക്കല്ല, വായനയ്‌ക്ക് ‘ബുക്ക്‌ഡ്’ കൂട്ടായ്‌മയുണ്ട്

ആർ ഹേമലത
Published on May 28, 2026, 01:40 AM | 1 min read
കൊച്ചി
തനിച്ചിരുന്ന് വായിച്ച് മടുക്കുന്നവരെ കൂടെകൂട്ടാൻ തീരുമാനിച്ച് പ്രീതയുടെ ‘ബുക്ക്‌ഡ്’ വാട്‌സാപ് കൂട്ടായ്‌മ. തെരഞ്ഞെടുത്ത പുസ്‌തകം വായിച്ച് കൂട്ടായ്‌മയിൽ എല്ലാ ആഴ്‌ചയിലും ചർച്ചകളും റിവ്യൂകളും സംഘടിപ്പിക്കുകയാണ് പ്രീത. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കുറച്ചുനാൾ വിശ്രമിക്കേണ്ടിവന്നപ്പോഴാണ് വായനക്കന്പം പൊടിതട്ടിയെടുത്തത്.
പ്രീത
കുട്ടിയായിരിക്കുന്പോൾ വാക്കുകളിലേക്ക് കൈപിടിച്ചത് പ്രീതയുടെ മുത്തശ്ശിയാണ്. ദി കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ, അന്ന കരേനിന തുടങ്ങിയ ക്ലാസിക്കുകൾ അവർ അതിശയിപ്പിക്കുന്ന അഭിനിവേശത്തോടെ വിവരിക്കുമായിരുന്നു. എന്നാൽ, രണ്ടാമൂഴത്തിൽ ഡിജിറ്റൽ അഡിക്ഷൻ പ്രശ്‌നമായി. ദീർഘകാലത്തെ ഫോൺ ഉപയോഗം വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി. ഇതോടെയാണ് സമാന മനസ്‌കരുടെ കൂട്ടുതേടാൻ തീരുമാനിച്ചത്. താമസിയാതെ പുസ്‌തകം തെരഞ്ഞെടുത്ത് വായിക്കാൻ താൽപ്പര്യമുള്ളവരെ തേടിയിറങ്ങി. അവരെ ചേർത്ത് വാട്‌സാപ് ഗ്രൂപ്പ് തുടങ്ങി. കൂട്ടായ്‌മയിൽ പ്രായം വിഷയമേയല്ല.
ആദ്യ പുസ്‌തകമായി ബോൺ എ ക്രൈം ആയിരുന്നു. ചെറിയ ഗ്രൂപ്പിലേയ്‌ക്ക് കൂടുതൽപേർ വരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രീത പറഞ്ഞു. എൻജിനിയറായ പ്രീത ലൈഫ് കോച്ച് കൂടിയാണ്. കാക്കനാടാണ് താമസം.
ദുബായിൽ ജോലിയുള്ള ഭർത്താവ് ടോജി കോശി എബ്രഹാം പ്രോത്സാഹനവുമായി ഒപ്പമുണ്ട്. bookedreadingcircle എന്ന ഇൻസ്‌റ്റഗ്രാം പേജിലോ [email protected] എന്ന ഇ മെയിൽ ഐഡിയിലോ ‘ബുക്ക്‌ഡ്’ മായി ബന്ധപ്പെടാം.










0 comments