ഐസ്‌ക്രീം രുചിയുമായി ‘ബ്ലൂ ജാവ'
നീലവാഴ വിളവെടുത്ത് വിജയൻ

കെ കെ വിജയൻ നീലവാഴയ്ക്ക് അരികിൽ
കാക്കനാട്
ഐസ്‌ക്രീമിന്റെ രുചിയും വെണ്ണപോലെയുള്ള ഘടനയുമുള്ള വിദേശി വാഴയിനമായ ‘ബ്ലൂ ജാവ' (നീലവാഴ) വിജയകരമായി വിളവെടുത്ത് തുതിയൂരിലെ യുവ കർഷകൻ കെ കെ വിജയൻ. തൃശൂരിലെ സ്വകാര്യ നഴ്സറിയിൽനിന്ന് വാങ്ങിയ ടിഷ്യൂ കൾച്ചർ തൈയ്യിൽ നിന്നാണ് 16 കിലോയുള്ള വാഴക്കുല വിളവെടുത്തത്.
‘ഐസ്ക്രീം ബനാന' എന്നും അറിയപ്പെടുന്ന ബ്ലൂ ജാവ വാഴകൾ കായ്ച്ച് നിൽക്കുമ്പോൾ തൊലിക്ക് നീല കലർന്ന പച്ചയോ സിൽവർ നീലയോ ആയിരിക്കും. എന്നാൽ പൂർണമായി പഴുക്കുമ്പോൾ ഇത് സാധാരണ വാഴപ്പഴം പോലെ മഞ്ഞനിറത്തിലേക്ക് മാറും. വാനില ഐസ്ക്രീമിന്റെ രുചിയും മൃദുവായ ക്രീമി ഘടനയുമാണ് പഴത്തിന്റെ പ്രധാന ആകർഷണം. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഹവായ്, ഫിജി തുടങ്ങിയ ദ്വീപുകളിലും പ്രധാനമായി കണ്ടുവരുന്ന ഈ ഇനം പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാൻ ശേഷിയുള്ളവയാണ്. 15 മുതൽ 20 അടി വരെ ഉയരം വയ്ക്കുന്ന ഈ വാഴയുടെ പഴം നേരിട്ട് കഴിക്കാനും ഷെയ്ക്ക്, ഐസ്ക്രീം, ഡെസേർട്ടുകൾ എന്നിവ നിർമിക്കാനും ഉപയോഗിക്കുന്നുണ്ട്.
മുന്പ് ഒരു തൈയ്ക്ക് 2,000 രൂപയോളം വിലയുണ്ടായിരുന്ന വാഴത്തൈകൾ ഇപ്പോൾ കുറഞ്ഞ വിലയിൽ ലഭിക്കും. വാഴപ്പഴത്തിന്റെ വേറിട്ട രുചി നാട്ടുകാർക്കും സുഹൃത്തുക്കൾക്കും നൽകി പരിചയപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും കെ കെ വിജയൻ പറഞ്ഞു.










0 comments