വരാപ്പുഴയിലെ കുടിവെള്ളക്ഷാമം
കളമശേരി ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു

വരാപ്പുഴ പഞ്ചായത്തിലെ ജനപ്രതിനിധികൾ കളമശേരി ജല അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു
വരാപ്പുഴ
വരാപ്പുഴയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാടിന്റെ നേതൃത്വത്തിൽ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും കളമശേരി ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു. വരാപ്പുഴ, പുത്തൻപള്ളി, മണ്ണംതുരുത്ത്, ഒളനാട്, ദേവസ്വം പാടം പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം നേരിടുന്നതോടൊപ്പം മുപ്പത്തടം ശുദ്ധീകരണശാലയിലെ ജലശുദ്ധീകരണ ബെഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയത് സമയബന്ധിതമായി പൂർത്തീകരിക്കാനാകാത്തതും പ്രശ്നം രൂക്ഷമാക്കി. പ്രതിപക്ഷനേതാവുകൂടിയായ സ്ഥലം എംഎൽഎ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തം.
നിരവധിതവണ ഉദ്യോഗസ്ഥരെ കണ്ട് പ്രതിഷേധമറിയിച്ചെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് ഉപരോധസമരം നടത്തിയത്.
കുടിവെള്ളക്ഷാമത്തിന് ഉടൻ പരിഹാരമുണ്ടാക്കുമെന്നും ദേശീയപാതയിലെ വാട്ടർ ഇന്റർ കണക്‌ഷൻ തകരാറ് ഉടൻ പരിഹരിക്കാമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി ജെ ജോമോൻ, ജോഷി പീറ്റർ, റോജോ തോമസ്, ടി എസ് ശ്യാംലാൽ, മിനി ജൂഡ്‌സൻ, നിമ്മി ബിജു, സിന്ധ്യ വർഗീസ്, പ്രിയ ബിജു, ജിതിൻ നന്ദകുമാർ, സിൻഡ്രല്ല റോച്ച എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.









0 comments