Deshabhimani

വീട്‌ വാഗ്‌ദാനംചെയ്‌ത്‌ പണപ്പിരിവുനടത്തി വഞ്ചിച്ചു

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വീടിനുമുന്നിൽ സമരവുമായി വൃദ്ധദന്പതികൾ

block panchayath president

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെസി സാജുവിന്റെ വസതിക്കുമുന്നിൽ അപ്പുക്കുട്ടനും 
ഭാര്യ ഗീതയും കുത്തിയിരിപ്പുസമരം നടത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 29, 2026, 03:35 AM | 1 min read

കോതമംഗലം


വീടുവച്ചുകൊടുക്കാമെന്ന പേരിൽ പണപ്പിരിവ്‌ നടത്തി വഞ്ചിച്ചെന്ന പരാതിയുമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വീടിനുമുന്നിൽ കുത്തിയിരിപ്പുസമരവുമായി വൃദ്ധദന്പതികൾ. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും പിണ്ടിമന പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ കോൺഗ്രസ്‌ നേതാവ്‌ ജെസി സാജുവിന്റെ വീടിനുമുന്നിലാണ്‌ പിണ്ടിമന പഞ്ചായത്ത് ആറാംവാർഡിൽ താമസിക്കുന്ന നിരാലംബരായ ഗണപതിക്കാട്ട് വീട്ടിൽ അപ്പുക്കുട്ടനും (74) ഭാര്യ ഗീത (71)യും സമരം നടത്തിയത്‌.

കൊടുംമഴയത്ത് ടാർപോളിൻ വച്ചുകെട്ടിയ ഷെഡ്ഡിലാണ്‌ ഇവർ കഴിയുന്നത്‌. ബാങ്ക്‌ വായ്‌പ കുടിശ്ശികയായതോടെ ഇവരുടെ 35 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വീടും സ്ഥലവും ജപ്തി ചെയ്‌തിരുന്നു. ബാക്കിയുള്ള സ്ഥലത്ത് ടാർപ്പോളിൻ കെട്ടി താമസം തുടങ്ങിയതിനുപിന്നാലെ 2025ലാണ്‌ ജെസി സാജുവും ആറാംവാർഡിലെ മറ്റുചിലരും വീട് നിർമിച്ച് നൽകാമെന്നുപറഞ്ഞ് സമീപിച്ചതെന്ന് ദന്പതികൾ പറഞ്ഞു.

തുടർന്ന് ഫെഡറൽ ബാങ്കിൽ തന്റെയും ജെസി സാജു നിർദേശിച്ച മറ്റൊരാളുടെയും പേരിൽ സംയുക്ത അക്കൗണ്ട് ഓപ്പൺ ചെയ്ത് പണപ്പിരിവ് ആരംഭിച്ചുവെന്ന്‌ അപ്പുക്കുട്ടൻ പറയുന്നു. വലിയതോതിൽ പിരിവ് നടന്നെങ്കിലും എത്ര തുക സമാഹരിച്ചു എന്ന വിവരം അറിയിക്കാനോ പാസ് ബുക്ക് കാണിക്കാനോ തയ്യാറായില്ല. ഇക്കാര്യം അന്വേഷിച്ചപ്പോൾ ആക്ഷേപിച്ചു മടക്കി അയച്ചു. തുടർന്ന് ദമ്പതികൾ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും കോൺഗ്രസ്‌ നേതാക്കളുടെ സ്വാധീനത്തിനു വഴങ്ങിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തി മടക്കി അയച്ചുവെന്നും ദന്പതികൾ പറഞ്ഞു.

കക്കൂസ് പോലുമില്ലാതെ, ടാർപ്പോളിൻ ഷീറ്റിനുകീഴിൽ നരകിച്ചാണ്‌ ഇവർ കഴിയുന്നത്‌. കോൺഗ്രസ് നേതൃത്വം ഇടപെട്ട്‌ പണം വാങ്ങി നൽകുകയോ വീടുവച്ചു നൽകുകയോ ചെയ്യുമെന്ന്‌ കരുതിയെങ്കിലും ഉണ്ടായില്ല. നേതൃത്വവും കൈവിട്ടതോടെയാണ് ജെസി സാജുവിന്റെ പിണ്ടിമനയിലെ വസതിക്കുമുന്നിൽ തിങ്കൾ രാവിലെ എട്ടിന് സമരം തുടങ്ങിയത്‌.

ഇക്കാര്യം വാർത്തയായതോടെ കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിർദേശപ്രകാരം കോതമംഗലം പൊലീസ് എത്തി ദന്പതികളെ ഒഴിപ്പിച്ചതും വിവാദമായി. സംഭവത്തെക്കുറിച്ച് ജെസി സാജു പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച കോതമംഗലം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home