വടക്കേക്കര ബിജെപിയിൽ കലാപം രൂക്ഷം

bjp clash
വെബ് ഡെസ്ക്

Published on Aug 02, 2025, 02:29 AM | 1 min read


പറവൂർ

പറവൂരിലെ ബിജെപി നേതൃത്വത്തിലെ തമ്മിലടി സമീപ പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നു. വടക്കേക്കര മണ്ഡലം പ്രസിഡന്റ്‌ സിമി തിലകനെതിരെ വടക്കേക്കര പഞ്ചായത്തിലെ നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായി. ഇവരെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വാവക്കാട് എസ്എൻഡിപി ഹാളിൽ പ്രവർത്തക കൺവൻഷൻ നടത്തി.


കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിനുശേഷം നടന്ന പുനഃസംഘടനയിൽ ചേന്ദമംഗലം സ്വദേശിയായ മായ ഹരിദാസാണ് മണ്ഡലം പ്രസിഡന്റായത്. എന്നാൽ, പുതിയ ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നതിനെത്തുടർന്ന് മായയെ പ്രസിഡന്റിന്റെ ചുമതലയിൽനിന്ന് മാറ്റിയതിനെ തുടർന്നുള്ള തർക്കമാണ് ഇപ്പോൾ രൂക്ഷമായത്. രാഷ്ട്രീയപക്വതയില്ലാത്ത സിമി തിലകനെ നിലനിർത്തിയാൽ സംഘടന ദുർബലമാകുമെന്നും തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുമെന്നുമാണ് പ്രധാന ആക്ഷേപം. ജില്ലാനേതൃത്വത്തെ കബളിപ്പിക്കുന്ന പ്രവർത്തനമാണ് സിമിയുടേതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ക്രമക്കേടുകൾ, ജില്ലാനേതൃത്വത്തിന് നൽകുന്ന റിപ്പോർട്ടുകളിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാണിച്ച് സംസ്ഥാന, -ജില്ലാ പ്രസിഡന്റുമാർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പരാതിയിൽ പലവട്ടം ജില്ലാനേതൃത്വം ചർച്ച നടത്തിയിട്ടും പരിഹാരമാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കൺവൻഷൻ വിളിച്ചത്. ഇരുചക്രവാഹനങ്ങൾ പകുതിവിലയ്ക്ക് നൽകാമെന്ന് വാഗ്ദാനംചെയ്ത സംഘടനയുടെ പഞ്ചായത്ത് കോ–-ഓർഡിനേറ്ററാണ് സിമി തിലകൻ. വടക്കേക്കര മണ്ഡലം കമ്മിറ്റിക്കുകീഴിലുള്ള ചിറ്റാറ്റുകര, ചേന്ദമംഗലം കമ്മിറ്റികളിലും തർക്കം രൂക്ഷമാണ്.


സിമിയെ മാറ്റുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ വിമതസ്ഥാനാർഥികളെ മത്സരിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു. കൺവൻഷനിൽ പ്രദീപ് പുല്ലാർക്കാട് അധ്യക്ഷനായി. തമ്പി കല്ലുപ്പുറം, ജോഷി കൊട്ടുവള്ളിക്കാട്, രമേശ് ചെട്ടിക്കാട്, ഷെല്ലി ദേവസി, പി ജെ മദനൻ, ബിനീഷ് മാല്യങ്കര എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home