ബയോമാലിന്യശേഖരണനിരക്ക് വർധിപ്പിച്ച തീരുമാനം പിൻവലിക്കണം

എൽഡിഎഫ് കൗൺസിലർമാർ കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നിൽ ബണ്ണുതിന്ന് പ്രതിഷേധിച്ചപ്പോൾ
കൊച്ചി
ബയോമാലിന്യശേഖരണ നിരക്ക് വർധിപ്പിച്ച ജനദ്രോഹതീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി എൽഡിഎഫ്. മേയർ വി കെ മിനിമോൾ കോർപറേഷൻ ഓഫീസിൽ ശനിയാഴ്‌ച ഒരുക്കിയ ഓണസദ്യ എൽഡിഎഫ് ബഹിഷ്‌കരിച്ചു. സദ്യ നടന്ന സമയം കോർപറേഷനുമുന്നിൽ ബണ്ണുതിന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.
എൽഡിഎഫ് പാർലമെന്ററി പാർടിനേതാവ് വി എ ശ്രീജിത്ത് പ്രതിഷേധം ഉദ്‌ഘാടനംചെയ്‌തു. കെ ജെ ബേസിൽ അധ്യക്ഷനായി. പാർലമെന്ററി പാർടി സെക്രട്ടറി പി ജെ ദാസൻ, ബ്രിജിത്ത് ആഷ്‌വിൻ, അംബിക സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. ബയോമാലിന്യശേഖരണത്തിനുള്ള നിരക്ക് 12 രൂപയിൽനിന്ന് 24 രൂപയാക്കി വർധിപ്പിച്ച നടപടി ജനദ്രോഹതീരുമാനം കോർപറേഷൻ പിൻവലിക്കണമെന്ന് വി എ ശ്രീജിത്ത് ആവശ്യപ്പെട്ടു.
എൽഡിഎഫ് ഭരണസമിതി കാലയളവിൽ 12 രൂപയാണ് ജനങ്ങളിൽനിന്ന് ഇൗടാക്കിയിരുന്നത്. ബയോമാലിന്യം സംസ്‌കരിക്കാൻ ബ്രഹ്മപുരത്ത് ഇൻസിനറേറ്ററും സജ്ജമാക്കി. എന്നാൽ, യുഡിഎഫ് ഭരണസമിതി സബ്‌സിഡി പരിമിതപ്പെടുത്തി. ഇതോടെ സബ്‌സിഡി ലഭിക്കാത്തവർ 24 രൂപ നൽകേണ്ട സ്ഥിതിയായി.
സക്‌സസ് എന്ന കന്പനിക്കാണ് മാലിന്യശേഖരണ ചുമതല നൽകിയിരിക്കുന്നത്. ടെൻഡറോ, താൽപ്പര്യപത്രമോ ക്ഷണിക്കാതെയാണ് ഇത് ഏൽപ്പിച്ചത്. മാലിന്യശേഖരണത്തിന് വാഹനം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവർക്കില്ല. നിയമവിരുദ്ധമായി കോർപറേഷന്റെ വാഹനവും കന്പനിക്ക് വിട്ടുനൽകി. വീടുകളിൽനിന്നുള്ള മാലിന്യശേഖരണവും താളംതെറ്റി. ബുക്ക് ചെയ്‌താൽ മാലിന്യം എടുക്കാൻ 20 ദിവസംവരെ വേണ്ടിവരുന്നു. വീടുകളിൽനിന്ന് മാലിന്യം വിവിധ പോയിന്റുകളിൽ വീട്ടുകാർ എത്തിക്കണം. നേരത്തേ വീട്ടിൽവന്ന് ശേഖരിക്കുമായിരുന്നു.
സബ്‌സിഡി പരിമിതപ്പെടുത്താനും നിരക്ക് കൂട്ടാനുമുള്ള നീക്കത്തിനെതിരെ എൽഡിഎഫ് വിയോജനക്കുറിപ്പ് നൽകിയിരുന്നു. എന്നാൽ, കൗൺസിലിൽ ചർച്ചയ്‌ക്ക് തയ്യാറാകാതെ ഏകപക്ഷീയമായി നിരക്ക് വർധിപ്പിച്ച് ഇറങ്ങിപ്പോകുന്ന ധിക്കാരപരമായ നിലപാടാണ് മേയർ സ്വീകരിച്ചത്. നിരക്കുവർധന പിൻവലിച്ച് സബ്‌സിഡി എല്ലാവർക്കും ലഭ്യമാക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
ബയോമാലിന്യശേഖരണം ഇഷ്ടക്കാർക്ക് നൽകാതെ ടെൻഡർനടപടി സ്ഥിരീകരിക്കുക, ബ്രഹ്മപുരത്തെ റിയൽ എസ്‌റ്റേറ്റ് നീക്കം അവസാനിപ്പിക്കുക, കൗൺസിലിനെ വിലകൽപ്പിക്കാത്ത മേയറുടെ ജനാധിപത്യവിരുദ്ധനടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.










0 comments