ബഷീർ ഓർമയിൽ വൃക്ഷത്തൈ നട്ടു

ബഷീർ ഓർമദിനത്തിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ 13–ാം ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ രക്ഷിതാക്കൾക്കൊപ്പം വെളിയത്താംപറന്പ് തീരത്ത് തെങ്ങിൻതൈ നട്ടപ്പോൾ
വൈപ്പിൻ
പ്രകൃതിയെയും ഗ്രാമീണജീവിതത്തെയും പ്രണയിച്ച ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്കുമുന്നിൽ ആദരമർപ്പിച്ച് വെളിയത്താംപറമ്പ് കടപ്പുറത്ത് വൃക്ഷത്തൈകൾ നട്ട് രക്ഷിതാക്കൾ. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ 13–ാം ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് വേറിട്ട അനുസ്മരണം സംഘടിപ്പിച്ചത്.
പരിസ്ഥിതിപ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ഐ ബി മനോജ് ബോധവൽക്കരണ ക്ലാസെടുത്തു. പഞ്ചായത്തംഗം പി എ ജിതിൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളായ എം വി രാജേഷ്, ജി ബി ജിത്ത്, എം വി ഗിരീഷ്, എം എസ് വിശാലാക്ഷൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പറവൂർ
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്‌മരണവും പ്രശ്നോത്തരിയും നടത്തി. ബാലസാഹിത്യകാരൻ എ കെ ജോഷി അനുസ്മരണ പ്രഭാഷണം നടത്തി. പ്രശ്നോത്തരിക്ക് ലൈബ്രറി സെക്രട്ടറി വി എസ് അനിൽ നേതൃത്വം നൽകി. എം ആർ ഹരിലയ, പി പി സുകുമാരൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.
നന്ത്യാട്ടുകുന്നം അത്താണി മഹാത്മ റീഡിങ് ക്ലബ് ആൻഡ് ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘവും ചേർന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം എ എസ് ദിലീഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി കെ സജീവ് അധ്യക്ഷനായി. പി കെ രമാദേവി, നീണ്ടൂർ വിജയൻ, എം എസ് രാജേഷ്, ടി കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ടി എം സന്ദലാൻ മാസ്റ്റർ ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ. കെ എം മിഥില ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ എസ് ഷാജി അധ്യക്ഷനായി. സി കെ അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി കെ ആർ ഉത്തമൻ, വാർഡ് അംഗം വർഷമോൾ, വിദ്യ വിജയൻ എന്നിവർ സംസാരിച്ചു.











0 comments